സ്ത്രീകളുടെ ഇഎസ്ഐ ചികിത്സാ ആനുകൂല്യത്തിന് പരിധി കൂട്ടും
Sunday, September 15, 2019 12:44 AM IST
ന്യൂഡൽഹി: ഇഎസ്ഐ മെഡിക്കൽ കോളജുകളിൽ 450 എംബിബിഎസ് സീറ്റുകൾ കൂടി അനുവദിക്കും. സ്ത്രീകളുടെ ഇഎസ്ഐ ചികിൽസാ ആനുകൂല്യത്തിനുള്ള പരിധി 21,000 രൂപയിൽ നിന്ന് അര ലക്ഷം രൂപയായി ഉയർത്താനും ഡൽഹിയിൽ ചേർന്ന എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ബോർഡ് യോഗം തത്വത്തിൽ അംഗീകരിച്ചു.
ഇഎസ്ഐ ആശുപത്രികളിലേതു പോലെ തിരക്കു കുറഞ്ഞ ഡിസ്പെൻസറികളിലും ഇഎസ്ഐ അംഗമല്ലാത്തവർക്കു കൂടി ചികിൽസ നൽകാനും നിർദേശമുണ്ട്.
അംഗമല്ലാത്തവരിൽ നിന്ന് ചെറിയ ഫീസ് ഈടാക്കും. എല്ലാ അംഗങ്ങളുടെയും അപകട, മരണാനന്തര, വികാലാംഗ ആനുകൂല്യങ്ങൾ 25 ശതമാനം കൂട്ടാനും നിർദേശമുണ്ട്. ഇക്കാര്യങ്ങളിൽ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി കേന്ദ്ര തൊഴിൽമന്ത്രി സന്തോഷ് ഗംഗവാർ പറഞ്ഞു. തൊഴിലാളികൾക്ക് ഇഎസ്ഐ അംഗത്വം നിർബന്ധമാണെന്ന വ്യവസ്ഥ തുടരും.
ഇഎസ്ഐ മെഡിക്കൽ കോളജുകളിൽ 50 വീതം എംബിബിഎസ് സീറ്റുകൾ കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഒന്പതു മെഡിക്കൽ കോളജുകളിലായി നിലവിലുള്ള 900 സീറ്റുകൾ 1350 ആയി ഉയരും.
ആറ് മെഡിക്കൽ കോളജുകളിൽ പിജി കോഴ്സുകളും തുടങ്ങും. ഇഎസ്ഐ അംഗങ്ങളുടെ മക്കൾക്ക് 25 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ഈ വർഷം കേരളത്തിൽ നിന്ന് 186 പേർക്ക് ഇഎസ്ഐ സീറ്റുകളിൽ എംബിബിഎസ് പ്രവേശനം കിട്ടി.
ഇതേസമയം, എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) അംഗങ്ങളിൽ സേവാ പോർട്ടലിൽ ആധാർ ലിങ്ക് ചെയ്തവർക്ക് ഇ നോമിനേഷൻ സൗകര്യം പുതുതായി ഏർപ്പെടുത്തി.