ഇന്ത്യയെ ഒന്നിപ്പിക്കാൻ ഹിന്ദി മാത്രം: അമിത് ഷാ
Sunday, September 15, 2019 12:44 AM IST
ന്യൂഡൽഹി: ലോകത്തിനു മുന്നിൽ ഇന്ത്യയുടെ അടയാളമായി പൊതുവായ ഒരു ഭാഷ വേണം. ഇന്ത്യയെ മുഴുവൻ ഒരുമിപ്പിക്കാൻ ഹിന്ദിക്കാണ് കഴിയുക. ഒരു രാജ്യം ഒരു ഭാഷ എന്ന തലക്കെട്ടോടെ അമിത് ഷാ ട്വിറ്ററിലെഴുതി.
ഇന്ത്യക്ക് നിരവധി ഭാഷകളുണ്ട്. എല്ലാ ഭാഷകൾക്കും അതിന്റേതായ പ്രാധാന്യമുണ്ട്. എന്നാൽ രാജ്യത്തിനാകെ ഒരു പൊതു ഭാഷ ഉണ്ടാകണമെന്നത് വളരെ അനിവാര്യമാണ് അതാകണം ആഗോളതലത്തിൽ ഇന്ത്യയുടെ അടയാളം. ഇന്ത്യയെ ഒന്നിപ്പിക്കാൻ കഴിയുന്ന ഏതെങ്കിലും ഭാഷയുണ്ടെങ്കിൽ അതു ഹിന്ദിയാണ്. ഹിന്ദിയാണ് ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷ.
സ്വന്തം ഭാഷ പ്രോൽസാഹിപ്പിക്കുന്നതോടൊപ്പം മഹാത്മാ ഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും സ്വപ്നമായ ഹിന്ദി കൂടി പ്രോൽസാഹിപ്പിക്കണം- അമിത് ഷാ വിശദീകരിച്ചു. ഹിന്ദി ദിനത്തോടനുബന്ധിച്ച് പിന്നീട് വിജ്ഞാൻ ഭവനിൽ നടന്ന സമ്മേളനത്തിലും ഹിന്ദിയെ രാജ്യത്തിന്റെ പൊതുഭാഷ ആക്കണമെന്ന് ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു.
നേരത്തെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരടിൽ എല്ലാ സ്കൂളുകളിലും ഹിന്ദി നിർബന്ധമായി പഠിപ്പിക്കണമെന്ന് നിർദേശം വന്നിരുന്നു. തമിഴ്നാട്, പശ്ചിമ ബംഗാൾ, കർണാടക, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളുടെ വലിയ പ്രതിഷേധത്തെ തുടർന്നാണ് കരടുരേഖയിൽ നിന്ന് ഈ നിർദേശം മാറ്റിയത്.