മോട്ടോർ വാഹന നിയമ ഭേദഗതി: സോണിയയും കേജരിവാളും വരെ പിന്തുണയ്ക്കുന്നുണ്ടെന്നു ഗഡ്കരി
Saturday, September 21, 2019 12:15 AM IST
മുംബൈ: മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിച്ച കേന്ദ്ര നീക്കത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾപോലും പിന്തുണയ്ക്കുന്നുണ്ടെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനല്ല മറിച്ച് ആളുകളുടെ ജീവൻ രക്ഷിക്കാനാണ് പിഴ കൂട്ടിയതെന്നും ഗഡ്കരി പറഞ്ഞു. മുംബൈയിൽ നടന്ന കോൺക്ലേവിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
“രാജ്യത്ത് അഞ്ച് ലക്ഷം വാഹനാപകടങ്ങളാണ് ഒരു വർഷമുണ്ടാകുന്നത്. ഇതിൽ 1.5 ലക്ഷം പേർ കൊല്ലപ്പെടുന്നു. മൂന്നു ലക്ഷത്തോളം ആളുകൾക്ക് പരിക്കേൽക്കുന്നു. അപകടങ്ങളിൽ പെടുന്നവരിൽ 65 ശതമാനവും 18 വയസിനും 35 വയസിനുമിടയിലുള്ളവരാണെന്നതാണ് മറ്റൊരു വസ്തുത. മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവായിരിക്കെ ഞാനും കുടുംബാംഗങ്ങളും വാഹനാപകടത്തിൽപ്പെട്ടു. ഇതേത്തുടർന്ന് ഒരു വർഷമാണ് എനിക്ക് ആശുപത്രിയിൽ കഴിയേണ്ടിവന്നത്. അതുകൊണ്ടു തന്നെ വാഹനാപകടങ്ങളിൽപ്പെടുന്നവരുടെ ബുദ്ധിമുട്ട് നന്നായറിയാം.
നിയമഭേദഗതിയുടെ സദുദ്ദേശ്യം എല്ലാവരും മനസിലാക്കുകയാണു വേണ്ടത്. നിയമത്തിൽ പറഞ്ഞിരിക്കുന്ന ഉയർന്ന നിരക്കിനും കുറഞ്ഞ നിരക്കിനുമിടയിലുള്ള ഏതു തുകയും സംസ്ഥാന സർക്കാരുകൾക്കു പിഴയായി നിശ്ചയിക്കാം- അദ്ദേഹം പറഞ്ഞു.