നീറ്റ് ക്രമക്കേട്: കർണാടകയിൽ വ്യാപക റെയ്ഡ്
Friday, October 11, 2019 12:52 AM IST
ബംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് ആദായനികുതി വകുപ്പിന്റെ പരിശോധന. മുന്നൂറോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ജി. പരമേശ്വര, മുൻ എംപി ആർ.എൽ. ജാലപ്പയുടെ മകൻ ജെ. രാജേന്ദ്ര എന്നിവരുടെ വസതികളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന പ്രശസ്തമായ സിദ്ധാർഥ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് പരമേശ്വരയുടെ കുടുംബങ്ങളുടെ നിയന്ത്രണത്തിലാണു നടക്കുന്നത്. പരമേശ്വരയുടെ പിതാവ് എച്ച്.എം. ഗംഗാധരയ്യ 58 വർഷം മുന്പ് തുടക്കമിട്ടതാണീ സ്ഥാപനങ്ങൾ.
പരമേശ്വരയുടെ ഓഫീസ്, വസതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കൊപ്പം അദ്ദേഹത്തിന്റെ സഹോദരൻ ജി. ശിവപ്രസാദിന്റെയും സഹായി രമേശിന്റെയും കേന്ദ്രങ്ങളിലും പരിശോധന നടന്നു. ആർ.എൽ. ജാലപ്പയുടെ നേതൃത്വത്തിൽ ദോദബല്ലാപ്പുരയിൽ പ്രവർത്തിക്കുന്ന ജാലപ്പ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും പരിശോധന നടത്തി. 30 ഓളം കേന്ദ്രങ്ങളിൽ പരിശോധന നടന്നു. 80- ഓളം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം വൻ പോലീസ് സന്നാഹവും ഉണ്ടായിരുന്നു.