സാന്പത്തിക പ്രതിസന്ധി: ലോകബാങ്ക് വിലയിരുത്തലിൽ ആശങ്ക
Tuesday, October 15, 2019 12:22 AM IST
ന്യൂഡൽഹി: ആഗോള സാന്പത്തിക മാന്ദ്യം ഇന്ത്യയെ രൂക്ഷമായി ബാധിക്കുമെന്നും വളർച്ച കുറയ്ക്കുമെന്നുമുള്ള ലോകബാങ്കിന്റെ നിരീക്ഷണത്തിൽ കടുത്ത ആശങ്ക.
പിടിഐക്കു നൽകിയ അഭിമുഖത്തിൽ ലോകബാങ്ക് സൗത്ത് ഏഷ്യ ചീഫ് ഇക്കണോമിസ്റ്റ് ഹൻസ് ടിമ്മറാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പു കഴിഞ്ഞ ദിവസം നൽകിയത്. 2019-ൽ ബംഗ്ലാദേശും നേപ്പാളും ഇന്ത്യയേക്കാൾ വേഗത്തിൽ വളരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇന്ത്യ തന്നെയാണ് ഇപ്പോഴും വേഗത്തിൽ വളരുന്ന സന്പദ്വ്യവസ്ഥ. മാന്ദ്യമുണ്ടെങ്കിൽ തന്നെയും ലോകത്തിലെ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ ഇന്ത്യയുടെ വളർച്ച മുന്നിലാണ്. ദക്ഷിണേഷ്യയിൽ മൊത്തത്തിൽ മാന്ദ്യമുണ്ടാകുമെങ്കിലും ഇന്ത്യയുടെ വളർച്ച ഗണ്യമായി കുറയും. അതേസമയം, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ ഇന്ത്യയെക്കാൾ മികച്ച വളർച്ചാ നിരക്ക് കൈവരിക്കും. പാക്കിസ്ഥാൻ വളർച്ചയിൽ ഏറെ പിന്നിലായിരിക്കും. ഈ സാന്പത്തിക വർഷം അവരുടെ വളർച്ചാനിരക്ക് 2.4 ശനതമാനത്തിലേക്കു താഴാൻ സാധ്യതയുണ്ടെന്നും ടിമ്മർ പറഞ്ഞു.
ഈ സാന്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാനിരക്ക് ആറു ശതമാനത്തിലേക്ക് ഇടിയുമെന്നും 2021-ൽ 6.9 ശതമാനത്തിൽ എത്തുമെന്നും ലോകബാങ്കിന്റെ സൗത്ത് ഏഷ്യാ ഇക്കണോമിക് ഫോക്കസിന്റെ പുതിയ പതിപ്പിൽ പറയുന്നു. 2022-ൽ വളർച്ചാനിരക്ക് 7.2 ശതമാനത്തിലെത്തുമെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ.