ഭൂമി ഏറ്റെടുക്കൽ നിയമം: ജസ്റ്റീസ് അരുണ്‍ മിശ്ര പിന്മാറണമെന്ന ആവശ്യം തള്ളി
Wednesday, October 16, 2019 12:19 AM IST
ന്യൂഡൽഹി: ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 24-ാം വകുപ്പിനെ ചോദ്യംചെയ്തുള്ള ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര പിന്മാറണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
ഇന്ത്യൻ ഫാർമേഴ്സ് അസോസിയേഷൻ ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിനു മുന്‍പാകെ തന്നെയാണ് ആവശ്യമുന്നയിച്ചത്. ഇത്തരം ആവശ്യങ്ങൾ കോടതിയെ അപകീർത്തിപ്പെടുത്തുന്നതാണെന്നു ചൂണ്ടിക്കാട്ടിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, സമൂഹ മാധ്യമങ്ങളിലൂടെ ചീഫ് ജസ്റ്റീസിനെയും മറ്റും തേജോവധം ചെയ്യുകയാണെന്നും കുറ്റപ്പെടുത്തി.
ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നേരത്തെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 24-ാം വകുപ്പ് പരിശോധിച്ചത്. അതിൽ നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥയിൽ നഷ്ടപരിഹാരം സ്വീകരിക്കാൻ വിസമ്മതിച്ച കർഷകർക്ക് ഭൂമി തിരികെ വാങ്ങാൻ അധികാരമില്ലെന്നായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വിധിച്ചത്. ഇത് ജസ്റ്റീസ് ആർ.എം. ലോധ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധിക്കെതിരാണെന്നു ചൂണ്ടിക്കാട്ടി നൽകിയ ഹർജിയാണ് ഇപ്പോൾ അഞ്ചംഗ ബെഞ്ച് പരിശോധിക്കുന്നത്.
ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ 24-ാം വകുപ്പു പ്രകാരം ഭൂമി തിരികെ വാങ്ങാനും ഉയർന്ന നഷ്ടപരിഹാരം ഈടാക്കാനും കർഷകർക്ക് അധികാരമുണ്ടെന്നു ജസ്റ്റീസ് ആർ.എം. ലോധയുടെ ബെഞ്ച് ഉത്തരവിട്ടിരുന്നു.
ഒരു വിഷയത്തിൽ നിലപാട് വ്യക്തമായിട്ടുള്ളതിനാൽ തങ്ങളുടെ ആവശ്യത്തെ മുൻവിധിയോടെയാവും സമീപിക്കുകയെന്നാണ് ഇന്നലെ ഹർജിക്കാരുടെ അഭിഭാഷകൻ വാദിച്ചത്.
എന്നാൽ, തനിക്കു മുൻവിധി ഇല്ലെന്നായിരുന്നു ജസ്റ്റീസ് അരുണ്‍ മിശ്രയുടെ മറുപടി. താൻ ആർക്കും വഴങ്ങില്ല. തന്നെ വിമർശിക്കുകയും ചെയ്യാം. ഒരു സിംഗിൾ ബെഞ്ച് ഇതുപോലെ നിലപാടെടുത്തില്ലെങ്കിൽ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തണമെന്നാണോ? ചീഫ് ജസ്റ്റീസ് അടക്കമുള്ളവരെ സമൂഹ മാധ്യമങ്ങളിലേക്കു വലിച്ചിഴച്ച് തേജോവധം ചെയ്യണമെന്നാണോ? അത്തരം ശ്രമങ്ങൾ അനുവദിക്കാനാകില്ല. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തിയാൽ പിന്നെ സുപ്രീംകോടതിയിൽ എന്താണ് അവശേഷിക്കുകയെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര ചോദിച്ചു.
ജസ്റ്റീസ് മിശ്രയുടെ നിലപാടിനെ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റീസുമാരായ വിനീത് സരണും എം.ആർ. ഷായും പിന്തുണച്ചു.
സമൂഹ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈൻ പോർട്ടലുകളിലൂടെയും സുപ്രീംകോടതിയെ വിമർശിച്ച് വരുതിയിൽ നിർത്താനുള്ള ശ്രമം ശക്തമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയും ചൂണ്ടിക്കാട്ടി.