സന്പദ്ഘടനയെക്കുറിച്ച് മോദിക്കു ധാരണയില്ലെന്ന് രാഹുൽ ഗാന്ധി
Saturday, October 19, 2019 12:13 AM IST
മഹേന്ദ്രഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സന്പദ്ഘടനയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന മോദി സർക്കാരിന്റെ രാഷ്ട്രീയത്തിന്റെ പേരിൽ ലോകരാജ്യങ്ങൾ ഇന്ത്യയെ പരിഹസിക്കുകയാണെന്നു ഹരിയാനയിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യവേ രാഹുൽ പറഞ്ഞു.
രാജ്യം നേരിടുന്ന യഥാർഥ പ്രശ്നങ്ങളിൽനിന്നു ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണു മോദി ശ്രമിക്കുന്നത്. നോട്ട് നിരോധനവും ഗബ്ബർ സിംഗ് ടാക്സും(ജിഎസ്ടി) ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ തകർത്തു. ഇന്നു ലോകം ഇന്ത്യയെ പരിഹസിക്കുകയാണ്. ലോകത്തിനു വഴികാട്ടിയ രാജ്യമാണിത്. ഇന്ന് ഒരു ജാതി മറ്റൊരു ജാതിയുമായി പോരടിക്കുന്നു. ഒരു മതം മറ്റൊരു മതവുമായി ഏറ്റുമുട്ടുന്നു. രാജ്യത്തിന്റെ അഭിമാനവും സന്പദ്ഘടനയും നരേന്ദ്ര മോദി നശിപ്പിച്ചു. -രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ മാധ്യമപ്രവർത്തകർ ഭയത്തിലാണ്. സത്യമെന്താണെന്ന് അവർ എഴുതുന്നില്ല. ജോലി നഷ്ടപ്പെടുമെന്ന ഭയം മൂലമാണു സത്യം വെളിപ്പെടുത്താതെന്ന് മാധ്യമപ്രവർത്തകർ പറയുന്നു.-രാഹുൽ കൂട്ടിച്ചേർത്തു.