പ്രതിപക്ഷം വെല്ലുവിളിയല്ലെങ്കിൽ എന്തിനിത്ര റാലികളെന്നു ശിവസേന
Monday, October 21, 2019 12:29 AM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ചോദ്യംചെയ്യാൻ പ്രതിപക്ഷം അവശേഷിക്കുന്നില്ലെന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ അവകാശവാദത്തെ ചോദ്യംചെയ്ത് ശിവസേന. പ്രതിപക്ഷം വെല്ലുവിളിയുയർത്തുന്നില്ലെങ്കിൽ മുതിർന്ന ബിജെപി നേതാക്കൾ എന്തിനിത്രമാത്രം റാലികൾ സംഘടിപ്പിക്കുന്നുവെന്നാണു ശിവസേനയുടെ സംശയം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെ പങ്കെടുത്ത നിരവധി റാലികൾ സംഘടിപ്പിച്ചതായി ശിവസേനാ മുഖപത്രമായ ‘സാമ്ന’യിൽ എഴുതിയ ലേഖനത്തിൽ മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് ചൂണ്ടിക്കാട്ടുന്നു. ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെ സംസ്ഥാന രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നും അദ്ദേഹം ലേഖനത്തിൽ നിരീക്ഷിക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോലും പ്രതിപക്ഷം അവശേഷിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഫഡ്നാവിസ് കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു.