ഡൽഹിയിൽ അക്രമികളുമായി പോലീസ് ഏറ്റുമുട്ടൽ; രണ്ടു പേർക്ക് വെടിയേറ്റു
Wednesday, October 23, 2019 10:53 PM IST
ന്യൂഡൽഹി: കൊണാട്ട് പ്ലേസിൽ ഇന്നലെ പുലർച്ചെ പോലീസും അക്രമികളും തമ്മിലുണ്ടായ വെടിവയ്പ്പിൽ രണ്ട് അക്രമികൾക്ക് പരിക്കേറ്റു.
ഡൽഹി നഗരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാല മോഷണ സംഘത്തെ പിന്തുടരവേ ആണ് നാലംഗം സംഘം പോലീസിനു നേർക്ക് വെടിയുതിർത്തത്. പോലീസ് തിരിച്ച് നടത്തിയ വെടിവയ്പ്പിലാണ് രണ്ടു പേർക്ക് പരിക്കേറ്റത്.
കൊണാട്ട് പ്ലേസിലെ ശങ്കർ മാർക്കറ്റിനടുത്ത് വച്ചായിരുന്നു സംഭവം. സംഭവത്തിൽ സലിം, ഇസ്മയിൽ, സൗദ് എന്നിങ്ങനെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെടിയേറ്റതിനെത്തുടർന്ന് സലീമിനെയും ഇസ്മായിലിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘത്തിലെ നാലുപേരിൽ ഒരാൾ ഓടി രക്ഷപ്പെട്ടു. ഏറ്റുമുട്ടൽ ഉണ്ടായപ്പോൾ സംഘം മോട്ടോർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു.
നിരവധി ആഴ്ചകളായി ഡൽഹിയുടെ ഹൃദയഭാഗത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന പിടിച്ചുപറിക്കാരുടെ സംഘത്തെ വലയിലാക്കാൻ ഡൽഹി പോലീസ് നടത്തിയ ശ്രമത്തിലാണ് വെടിവയ്പ്പ് ഉണ്ടായത്.