റെയിൽവേ കാറ്ററിംഗ് ജോലിക്കു ജാതി തിരിച്ചു ക്ഷണം; പരസ്യം നൽകി കരാർ കന്പനി വെട്ടിലായി
Friday, November 8, 2019 12:26 AM IST
ന്യൂഡൽഹി: റെയിൽവേ കാറ്ററിംഗ് ജോലിക്കു ജാതിതിരിച്ച് ഉദ്യോഗാർഥികളെ ക്ഷണിച്ച് കരാർ കന്പനി വിവാദത്തിലായി. ഐആർസിടിസിക്കു വേണ്ടി കരാർ എടുത്തു നടത്തുന്ന ആർകെ അസോസിയേറ്റ്സ് ആണ് പത്രപരസ്യം നൽകി വെട്ടിലായത്. നല്ല കുടുംബ പശ്ചാത്തലമുള്ള അഗർവാൾ വൈശ്യ സമുദായത്തിൽ പെട്ട ചെറുപ്പക്കാർ മാത്രം അപേക്ഷിച്ചാൽ മതിയെന്നായിരുന്നു പരസ്യം.
മൂന്ന് തസ്തികകളിലേക്ക് 100 പുരുഷ ഉദ്യോഗാർഥികളെ ക്ഷണിച്ചുകൊണ്ടാണു തൊഴിൽ പരസ്യം നൽകിയത്. ഉദ്യോഗാർഥികൾക്കു വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു മതി; പക്ഷേ നല്ല ഒന്നാന്തരം അഗർവാൾ വൈശ്യ സമുദായത്തിൽ നിന്നുള്ളവരായിരിക്കണം എന്ന പരസ്യവാചകമാണ് വിവാദത്തിന് വഴിതെളിച്ചത്.
പരസ്യം വിവാദമായതോടെ വിശദീകരണവുമായി റെയിൽവേ തന്നെ രംഗത്തു വന്നു. കരാർ കന്പനിയോട് വിശദീകരണം തേടിയതായി റെയിൽവേ അധികൃതർ പറഞ്ഞു.
പരസ്യം നൽകിയ എച്ച് ആർ മാനേജരെ ജോലിയിൽ നിന്നു പുറത്താക്കിയെന്നാണ് അവർ നൽകിയ മറുപടി.