ജമ്മു-ശ്രീനഗർ ഹൈവേയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
Monday, November 11, 2019 12:39 AM IST
ജമ്മു: മണ്ണിടിച്ചിലിനെത്തുടർന്ന് ജമ്മു-ശ്രീനഗർ ദേശീയ ഹൈവേയിലൂടെയുള്ള ഗതാഗതം വീണ്ടും തടസപ്പെട്ടു. റംബാൻ ജില്ലയിൽ ഹൈവേയിലേക്ക് വലിയ തോതിലുള്ള മണ്ണിടിച്ചിലാണ് ഇന്നലെ വൈകുന്നേരമുണ്ടായത്. റോഡ് ബ്ലോക്കായതോടെ ആയിരക്കണക്കിനു വാഹനങ്ങളാണു കുടുങ്ങിയത്.
മണിക്കൂറുകൾക്കുശേഷമാണ് ഗതാഗതം പുനരാംരംഭിച്ചത്. ഇതിനു മുന്‍പുണ്ടായ മണ്ണിടിച്ചിലിൽ 13 മണിക്കൂറിനുശേഷമാണ് ഹൈവേ തുറന്നു കൊടുക്കാനായത്. എന്നാൽ വീണ്ടും മണ്ണിടിച്ചിലുണ്ടായതോടെ ഗതാഗതം വീണ്ടും സ്തംഭിച്ചു. പുതുതായുണ്ടായ മണ്ണിടിച്ചിലിൽ ഏകദേശം 100 മീറ്ററോളമാണ് മൂടപ്പെട്ടിരിക്കുന്നത്. പാത യാത്രയോഗ്യമാക്കാൻ ജോലിക്കാർ യന്ത്രസഹായത്തോടെ കഠിനശ്രമത്തിലാണ്. പാത യാത്രായോഗ്യമാക്കാൻ 12 മണിക്കൂറിലേറെ സമയം വേണ്ടിവരുമെന്ന് അധികൃതർ അറിയിച്ചു.