ഷർജിൽ ഇമാമിന്റെ ബിഹാറിലെ വസതിയിൽ റെയ്ഡ്
Tuesday, January 28, 2020 12:13 AM IST
ജഹാനാബാദ്്/ഇംഫാൽ/ഇറ്റാനഗർ: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള വിദ്വേഷകരമായ പ്രസംഗത്തിന്റെ പേരിൽ ജവഹർലാൽ നെഹ്റു സർവകലാശാലാ വിദ്യാർഥി ഷർജിൽ ഇമാമിനെതിരേ മണിപ്പുർ, അരുണാചൽ സർക്കാരുകൾ കേസെടുത്തു. ബിഹാറിൽ, ഷർജിലിന്റെ തറവാട്ടിൽ റെയ്ഡും നടത്തി. കേന്ദ്ര ഏജൻസികളുടെ അഭ്യർഥനയെത്തുടർന്നാണ് കാകോ പോലീസ് സ്റ്റേഷൻ പരിധിയിലെ വസതിയിൽ ഞായറാഴ്ച രാത്രി റെയ്ഡ് നടത്തിയതെന്ന് ജഹാനബാദ് എസ്പി മനീഷ് കുമാർ അറിയിച്ചു. ഷർജിൽ ഇമാം സ്ഥലത്തുണ്ടായിരുന്നില്ല.
മുംബൈ ഐഐടിയിൽ നിന്ന് കംപ്യൂട്ടർ എൻജിനിയറിംഗിൽ ബിരുദം നേടിയ ഷർജിൽ ജെഎൻയുവിൽ ഗവേഷണം ചെയ്യുകയാണ്.
പൗരത്വവിരുദ്ധപ്രക്ഷോഭത്തിനിടെ നടത്തിയ പ്രസംഗത്തിൽ ആസാമിനെയും വടക്കുകിഴക്കൻ പ്രദേശങ്ങളെയും ഇന്ത്യയിൽ നിന്ന് മുറിച്ചുമാറ്റണമെന്ന ഷർജിലിന്റെ പരാമർശം സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനെത്തുടർന്നാണ് രാജ്യദ്രോഹക്കുറ്റത്തിന് പോലീസ് കേസെടുത്തത്. അലിഗഡ് മുസ്ലിം സർവകലാശാലയിൽ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരിൽ ഉത്തർപ്രദേശ് പോലീസും ഷർജിലിനെതിരേ കേസെടുത്തിരുന്നു.