രണ്ടാമൂഴം സിനിമ: നടപടികൾക്കു സ്റ്റേ
Tuesday, February 18, 2020 12:17 AM IST
ന്യൂഡൽഹി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട കേസിൽ എം.ടി. വാസുദേവൻ നായർ സംവിധായകൻ വി.എ. ശ്രീകുമാറിനെതിരേ കോഴിക്കോട് മുൻസിഫ് കോടതിയിൽ നൽകിയ കേസിലെ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. വി.എ. ശ്രീകുമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കോടതി എംടിക്ക് നോട്ടീസയച്ചു.
എംടിയുമായി ഉണ്ടാക്കിയ കരാറിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനായി ആർബിട്രേഷൻ കോടതിയെ സമീപിക്കാമെന്നു വ്യവസ്ഥ ഉണ്ടായിരുന്നെന്നും അതിനു പകരം മുൻസിഫ് കോടതിയെയാണ് എംടി സമീപിച്ചതെന്നുമായിരുന്നു ശ്രീകുമാറിന്റെ വാദം. ആർബിട്രേഷൻ നിലനിൽക്കുമോയെന്നു മുൻസിഫ് കോടതി തീരുമാനിക്കട്ടെയെന്നായിരുന്നു കേസ് പരിഗണിച്ച ഹൈക്കോടതിയുടെ ഉത്തരവ്.
രണ്ടാമൂഴം നോവൽ സിനിമയാക്കാൻ എംടിയും ശ്രീകുമാറും 2014ലാണ് കരാറിൽ ഒപ്പുവയ്ക്കുന്നത്. മൂന്നു വർഷത്തിനുള്ളിൽ സിനിമ ചെയ്യുമെന്നായിരുന്നു കരാർ. ഈ കാലാവധി കഴിഞ്ഞ് ഒരുവർഷം കൂടി നൽകിയിട്ടും സിനിമ യാഥാർഥ്യമായില്ല. തുടർന്നാണ് കരാർ ലംഘനമാരോപിച്ച് ശ്രീകുമാറിനെതിരേ എംടി മുൻസിഫ് കോടതിയെ സമീപിച്ചത്. വാങ്ങിയ പണം തിരികെ നൽകാമെന്നും രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്നുമായിരുന്നു എംടിയുടെ ആവശ്യം.