അക്രമത്തിനു കാരണക്കാരൻ ഷർജീൽ ഇമാം ആണെന്നു കുറ്റപത്രം
Wednesday, February 19, 2020 12:27 AM IST
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രതിഷേധത്തിനിടെ ജാമിയ മിലിയ സർവകലാശാലയ്ക്ക് സമീപമുള്ള ന്യൂ ഫ്രണ്ട്സ് കോളനിയിലെ അക്രമത്തിനു കാരണക്കാരൻ അറസ്റ്റിലായ ജെഎൻയു വിദ്യാർഥി ഷർജീൽ ഇമാം ആണെന്ന് ഡൽഹി പോലീസിന്റെ കുറ്റപത്രം. ഷർജീൽ ഇമാമിനെ മാർച്ച് മൂന്നുവരെ കോടതി ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞമാസമാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ഷർജീൽ ഇമാമിനെ അറസ്റ്റ് ചെയ്തത്. അക്രമങ്ങൾക്ക് കാരണം ഷെർജീൽ ഇമാമാണെന്ന് കാണിച്ച് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഗുരുമോഹൻ കൗറിന് മുന്നിലാണ് പോലീസ് ചാർജ് ഷീറ്റ് സമർപ്പിച്ചത്.
സിസി ടിവി ദൃശ്യങ്ങൾ, ഫോണ് വിവരങ്ങൾ, നൂറിലധികം സാക്ഷികളുടെ മൊഴികൾ എന്നിവയും പോലീസ് തെളിവായി നൽകിയിട്ടുണ്ട്.