തമിഴ്നാട്ടിൽ സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ ആയിരങ്ങൾ
Thursday, February 20, 2020 12:22 AM IST
ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരേ തമിഴ്നാട്ടിലെ ചെപൗക്കിൽ ഇന്നലെ നടന്ന റാലിയിൽ സ്ത്രീകളുൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു. പ്രധാന പ്രതിപക്ഷമായ ഡിഎംകെയും കോൺഗ്രസുമാണ് തമിഴ്നാട്ടിൽ പൗരത്വ പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ളത്.
ഇസ്ലാമിയ ഇയക്കങ്കൾ മട്രും അരസിയൽ കട്ചികളിൻ കൂട്ടമയ്പ് സംഘ (മുസ്ലിം സംഘടനകളും രാഷ്ട്രീയ മുന്നണികളും) മെന്ന പേരിലാണ് സംസ്ഥാനത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരേ എഡിഎംകെ സർക്കാർ നിയമസഭയിൽ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇപ്പോൾ പ്രക്ഷോഭം നടക്കുന്നത്.
ഇതിനിടെ, മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനായി സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി കെ. പളനിസ്വാമി ഇന്നലെ നിയമസഭയിൽ പ്രഖ്യാപനം നടത്തി. ഇസ്ലാം പണ്ഡിതരുടെ പെൻഷൻതുക ഇരട്ടിയാക്കുമെന്നും പുതിയ മോട്ടോർ ബൈക്ക് വാങ്ങാൻ പകുതി സബ്സിഡി നല്കുമെന്നും പറഞ്ഞു. കൂടാതെ വഖഫ് ബോർഡിനു പുതിയ ഹജ്ജ് ഹൗസ് നിർമിക്കാൻ 15 കോടി അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധ റാലി ആരംഭിക്കുന്നതിനുതൊട്ടുമുന്പായിരുന്നു പ്രഖ്യാപനം. അതേസമയം, സംസ്ഥാനത്ത് സിഎഎ വിരുദ്ധം പ്രതിഷേധം നീണ്ടുപോകുന്നതിൽ മദ്രാസ് ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.