ട്രംപിന്റെ സന്ദർശനത്തിനു മുന്പ് മൊട്ടേറ സ്റ്റേഡിയത്തിലെ താത്കാലിക വിവിഐപി പ്രവേശനകവാടം തകർന്നു
Monday, February 24, 2020 2:57 AM IST
അഹമ്മദാബാദ്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് അഹമ്മദാബാദ് സന്ദർശിക്കാനിരിക്കെ, മോട്ടേറയിൽ പുതുതായി നിർമിച്ച ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വിശിഷ്ടാതിഥികൾക്കു മാത്രം പ്രവേശിക്കാൻ നിർമിച്ച താത്കാലിക കവാടം ഇന്നലത്തെ പൊടിക്കാറ്റിൽ തകർന്നുവീണു. ഉരുക്കുകന്പികൾകൊണ്ട് നിർമിച്ച ഗേറ്റിൽ ഫ്ളക്സ് ബാനറുകൾ പതിപ്പിച്ചിരുന്നു. മുഖ്യകവാടത്തിനു സമീപത്തെ താത്കാലിക ഗേറ്റും കാറ്റിൽ വീണു. രണ്ടു സംഭവങ്ങളിലും ആർക്കും പരിക്കില്ല.
സ്റ്റേഡിയത്തിനു സമീപമുണ്ടായിരുന്നയാൾ ഈ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതോടെ ടെലിവിഷൻ ചാനലുകൾ ഈ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു.
വിവിഐപി ഗേറ്റ് തകർന്നതു വീഴ്ചയാണെന്നും ഗേറ്റുകൾ പുനഃസ്ഥാപിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും ക്രൈംബ്രാഞ്ച് സ്പെഷൽ കമ്മീഷണർ അജയ് തോമർ പറഞ്ഞു.