കോവിഡ്: വ്യാജവാർത്തകൾക്കെതിരേ കർശന നടപടിക്ക് സുപ്രീംകോടതിയുടെ നിർദേശം
Wednesday, April 1, 2020 12:10 AM IST
ന്യൂഡൽഹി: കൊറോണ വൈറസ് ബാധിക്കുന്നതുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ കേന്ദ്രസർക്കാരിനു സുപ്രീംകോടതിയുടെ നിർദേശം.
കോവിഡ് ബാധ ഉണ്ടാക്കുന്നതിനേക്കാൾ വലിയ ദുരന്തം ഭയഭീതി കൊണ്ട് ഉണ്ടാകും. അതിനാൽ ഭീതിയുണ്ടാക്കുന്ന വിധത്തിൽ വ്യാജ വാർത്തയുണ്ടാക്കുന്നവർക്കെതിരേ കടുത്ത നടപടിയുണ്ടാകണമെന്നു ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കുടിയേറ്റ തൊഴിലാളികൾ കൂട്ടപ്പലായനം നടത്തുന്നതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്ക് ഈ നിർദേശം നൽകിയത്.
അതേസമയം, കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.