ഇരട്ട കസ്റ്റഡിമരണ കേസ് പ്രതികളായ പോലീസുകാർക്കു സഹതടവുകാരുടെ മർദനം
Monday, July 6, 2020 12:25 AM IST
മധുര: സാത്താൻകുളം പോലീസ് സ്റ്റേഷനിൽ അച്ഛനും മകനും കസ്റ്റഡിയിൽ മരിക്കാനിടയായ സംഭവത്തിൽ അറസ്റ്റിലായ അഞ്ചു പോലീസുകാർക്ക് സഹതടവുകാരുടെ മർദനം. ശനിയാഴ്ച രാത്രി ഇവരെ മധുര സെൻട്രൽ ജയിലിലേക്കു മാറ്റി.
ഇൻസ്പെക്ടർ ശ്രീധർ, സബ് ഇൻസ്പെക്ടർമാരായ ബാലകൃഷ്ണൻ, രഘു ഗണേശ്, ഹെഡ് കോൺസ്റ്റബിൾ മുരുകൻ, കോൺസ്റ്റബിൾ മുത്തുരാജ് എന്നിവരെയാണ് തൂത്തുക്കുടി സബ് ജയിലിൽ മുപ്പതോളം തടവുകാർ ചേർന്ന് മർദിച്ചത്.
ജയിൽ വാർഡൻ ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കിയെങ്കിലും സുരക്ഷാ കാരണങ്ങളാൽ സെൻട്രൽ ജയിലിലേക്കു മാറ്റാൻ തീരുമാനിക്കുകയായിരുന്നു. 300 പേരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ടെങ്കിലും കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ 80 പേർ മാത്രമാണ് ഇപ്പോൾ തൂത്തുക്കുടി ജയിലിലുള്ളത്.
കോവിഡ് മാർഗനിർദേശം ലംഘിച്ചു കട തുറന്നതിനാണ് മൊബൈൽ കടയുടമ ജയരാജ്, മകൻ ബെനിക്സ് എന്നിവരെ സാത്താൻകുളം പോലീസ് കസ്റ്റഡിയിലെടുത്തത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇരുവരും ചികിത്സയിലിരിക്കെ മരിച്ചു. മദ്രാസ് ഹൈക്കോടതി ഉത്തരവു പ്രകാരം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.
തെക്കൻ തമിഴ്നാട്ടിൽ ഫ്രണ്ട്സ് ഓഫ് പോലീസിനെ ഉപയോഗിക്കില്ല
തിരുനെൽവേലി: തമിഴ്നാട്ടിൽ പോലീസിനെ പതിവു ജോലികളിൽ സഹായിക്കാൻ രൂപവത്കരിച്ച ഫ്രണ്ട്സ് ഓഫ് പോലീസിനെ തെക്കൻ ജില്ലകളിൽ ഉപയോഗിക്കേണ്ടെന്ന് അധികൃതരുടെ നിർദേശം.
സാത്താൻകുളം പോലീസ് സ്റ്റേഷനിൽ അച്ഛനും മകനും പോലീസ് കസ്റ്റഡിയിൽ മർദനമേറ്റതിനെത്തുടർന്ന് മരിച്ചിരുന്നു. ഇരുവരെയും ഫ്രണ്ട്സ് ഓഫ് പോലീസ് പ്രവർത്തകർ ക്രൂരമായി മർദിച്ചതായി ആരോപണമുയർന്നിരുന്നു. തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് ഫ്രണ്ട്സ് ഓഫ് പോലീസ് സംഘത്തെ ഉപയോഗിക്കേണ്ടെന്ന് നിർദേശം വന്നിരിക്കുന്നത്.