ശ്രീനഗറിൽ ഏറ്റുമുട്ടൽ: മൂന്നു ഭീകരരും സ്ത്രീയും കൊല്ലപ്പെട്ടു
Friday, September 18, 2020 12:06 AM IST
ശ്രീനഗർ: കാഷ്മീരിലെ ശ്രീനഗറിൽ ഏറ്റുമുട്ടലിൽ മൂന്നു ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ സുരക്ഷാസേന വധിച്ചു. ശ്രീനഗറിലെ ബട്ടാമാലൂ മേഖലയിൽ നടന്നഏറ്റുമുട്ടലിനിടെ നാട്ടുകാരിയായ സ്ത്രീ കൊല്ലപ്പെട്ടു. കൗൻസർ റിയാസ്(45) ആണു കൊല്ലപ്പെട്ടത്. രണ്ടു സിആർപിഎഫ് ജവാന്മാർക്കു പരിക്കേറ്റു. തെക്കൻ കാഷ്മീരുകാരാണു കൊല്ലപ്പെട്ടത്.
സക്കൂർ അഹമ്മദ് പോൾ, ഉബൈർ മുഷ്താഖ് ഭട്ട്, ആദിൽ ഹുസൈൻ ഭട്ട് എന്നിവരാണു കൊല്ലപ്പെട്ട ഭീകരർ. ഈ വർഷം 72 ഏറ്റുമുട്ടലുകളിലായ 177 ഭീകരരെ വധിച്ചതായി കാഷ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു. ഇതിൽ 22 പേർ പാക്കിസ്ഥാൻകാരാണ്.
അതേസമയം, പൂഞ്ച് ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജവാനു പരിക്കേറ്റു. ജനവാസകേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണത്തിൽ മൂന്നു വീടുകൾ തകർന്നു.