സഹമന്ത്രി നെഹ്റുവിനെ തൊട്ടുകളിച്ചു: പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചു
Saturday, September 19, 2020 12:50 AM IST
ന്യൂഡൽഹി: ദേശീയ ദുരിതാശ്വാസ ഫണ്ട് നെഹ്റു-ഗാന്ധി കുടുംബത്തിനുവേണ്ടി മാത്രം രൂപീകരിച്ചതാണെന്ന കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂറിന്റെ പരാമർശത്തിൽ ഉടക്കി ലോക്സഭയിൽ പ്രതിപക്ഷ ബഹളം.
കർശന നിയന്ത്രണങ്ങളോടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു സഭ നടക്കുന്നതിനിടെ കേരളത്തിൽനിന്നുള്ള കോണ്ഗ്രസ് എംപിമാരടക്കം ഇന്നലെ നടുത്തളത്തിൽ ഇറങ്ങിയാണു പ്രതിഷേധിച്ചത്.
കേരളത്തിൽനിന്നുള്ള എംപിമാരായ ബെന്നി ബഹനാൻ, ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരും നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിഷേധം കടുത്തതോടെ തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി മന്ത്രി സഭയിൽ പറഞ്ഞു.
നെഹ്റു-ഗാന്ധി കുടുംബത്തെ അനുരാഗ് ഠാക്കൂർ കുറ്റപ്പെടുത്തിയതിനു തൊട്ടുപിന്നാലെ, ഹിമാചലിൽ നിന്നുള്ള ഈ ചെറുക്കൻ ആരാണെന്നു ചോദിച്ചാണു കോണ്ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ചാടിയെഴുന്നേറ്റത്. ഈ വിഷയത്തിൽ എങ്ങനെയാണു നെഹ്റു കടന്നുവരുന്നത്. ഞങ്ങൾ നരേന്ദ്ര മോദിയെക്കുറിച്ച് വല്ലതും പറഞ്ഞോ ചെറുക്കാ എന്നാണ് അധീർ രഞ്ജൻ ചോദിച്ചത്. അനുരാഗ് സിംഗ് ഠാക്കൂർ മാപ്പുപറയണമെന്നു കോണ്ഗ്രസ് ആവശ്യപ്പെട്ടു. ഡൽഹി കലാപകാലത്ത് അനുരാഗ് ഠാക്കൂർ പറഞ്ഞ ഗോലി മാരോ മുദ്രാവാക്യം മുഴക്കി ഗോലി മാരോ മന്ത്രി രാജിവയ്ക്കണം എന്നാണു കോണ്ഗ്രസ് ആവശ്യപ്പെട്ടത്.
പ്രതിപക്ഷ ബഹളത്തിനിടെ സഭ പലതവണ സ്പീക്കർ ഓം ബിർള നിർത്തിവച്ചു. ഒടുവിൽ ആറുമണിക്ക് സഭ വീണ്ടും ചേർന്നപ്പോൾ തന്റെ വാക്കുകൾ ആരെയും വേദനിപ്പിക്കാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ലെന്ന് അനുരാഗ് സിംഗ് ഠാക്കൂർ പറഞ്ഞു. ആർക്കെങ്കിലും തന്റെ വാക്കുകൾ വേദനയുണ്ടാക്കിയെങ്കിൽ തുല്യ അളവിൽ തനിക്കും വേദനയുണ്ടെന്നാണു മന്ത്രി പറഞ്ഞത്.
സെബി മാത്യു