രണ്ടാമൂഴം: ഒത്തുതീർപ്പ് വ്യവസ്ഥകൾക്ക് സുപ്രീംകോടതി അംഗീകാരം
Tuesday, September 22, 2020 12:44 AM IST
ന്യൂഡൽഹി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവൻ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾക്ക് സുപ്രീം കോടതി അംഗീകാരം നൽകി. ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
രണ്ടാമൂഴത്തിന്റെ കഥയിലും തിരക്കഥയിലും പൂർണ അധികാരം എംടിക്കായിരിക്കുമെന്നു നേരത്തെ ഒത്തുതീർപ്പിലെത്തിയിരുന്നു. ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാർ മേനോൻ എംടിക്ക് തിരികെ നൽകും. അഡ്വാൻസായി നൽകിയ ഒന്നേകാൽ കോടി രൂപ എംടി തിരിച്ചു കൊടുക്കും. മഹാഭാരതം ആസ്പദമാക്കിയോ ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയോ ശ്രീകുമാർ മേനോന് മറ്റൊരു സിനിമ എടുക്കുന്നതിനു തടസമില്ല. എന്നാൽ, രണ്ടാമൂഴം കഥയ്ക്കും തിരക്കഥയ്ക്കുംമേൽ എംടിക്കായിരിക്കും പൂർണ അവകാശം. ജില്ലാ കോടതിയിലും സുപ്രീം കോടതിയിലുമുള്ള കേസുകൾ ഇരു കൂട്ടരും പിൻവലിക്കാനും ധാരണയായിട്ടുണ്ട്.
2014ലാണ് രണ്ടാമൂഴം നോവൽ സിനിമയാക്കാൻ എംടിയും ശ്രീകുമാറും കരാറുണ്ടാക്കിയത്. മൂന്നു വർഷത്തിനുള്ളിൽ സിനിമ ചെയ്യുമെന്നായിരുന്നു കരാർ. ഈ കാലാവധി കഴിഞ്ഞ് ഒരു വർഷം കൂടി നൽകിയിട്ടും സിനിമ യാഥാർഥ്യമാകാഞ്ഞതിനെ തുടർന്ന് എംടി ശ്രീകുമാറിനെതിരേ കോഴിക്കോട് മുൻസിഫ് കോടതിയിൽ ഹർജി നൽകുകയായിരുന്നു. ആർബിട്രേഷൻ വേണമെന്ന ഹർജി ഹൈക്കോടതി തള്ളിയതോടെയാണ് ശ്രീകുമാർ മേനോൻ സുപ്രീം കോടതിയിലെത്തുന്നത്.