തെരഞ്ഞെടുപ്പിൽ ചെലവഴിക്കാവുന്ന തുകയുടെ പരിധി ഉയർത്തി
Wednesday, October 21, 2020 12:28 AM IST
ന്യൂഡൽഹി: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികൾക്ക് ചെലവഴിക്കാൻ കഴിയുന്ന തുകയുടെ പരിധി ഉയർത്തി. നിലവിലുള്ള പരിധിയുടെ പത്ത് ശതമാനമാണ് വർധിപ്പിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാരാണ് പരിധി ഉയർത്തിയത്.
ഇതോടെ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് 77 ലക്ഷം രൂപ വരെ ചെലവഴിക്കാം. നേരത്തെ പരിധി 70 ലക്ഷമായിരുന്നു. ചെറിയ സംസ്ഥാനങ്ങളിലുള്ളവർക്ക് ചെലവഴിക്കാൻ കഴിയുന്ന തുക 54 ലക്ഷത്തിൽനിന്ന് 59 ലക്ഷമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിലെ പരിധി 28 ലക്ഷത്തിൽ നിന്നു 30.8 ലക്ഷമാക്കിയാണ് വർധിപ്പിച്ചത്. പ്രചാരണ ചെലവ് പരിധി 20 ലക്ഷമാക്കി നിജപ്പെടുത്തിയിരുന്ന സംസ്ഥാനങ്ങളിൽ അത് 22 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ടെന്നും കേന്ദ്ര നിയമ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കോവിഡ് മഹാമാരി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനു ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നതിനായാണ് ചെലവ് പരിധി ഉയർത്തണമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ശിപാർശ ചെയ്തിരുന്നത്.