യുപി പോലെയല്ല പഞ്ചാബ്: രാഹുൽ
Monday, October 26, 2020 12:30 AM IST
ന്യൂഡൽഹി: പഞ്ചാബിലെയും രാജസ്ഥാനിലെയും സർക്കാരുകൾ ഉത്തർപ്രദേശിലേതു പോലെയല്ലെന്നും മാനഭംഗമുണ്ടായാൽ അതുണ്ടായിട്ടില്ലെന്നു പറയില്ലെന്നും കുടുംബത്തെ ഭീഷണിപ്പെടുത്തില്ലെന്നും കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
പഞ്ചാബിൽ ആറു വയസുകാരി മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാഹുൽ മൗനം പാലിക്കുകയാണെന്ന ബിജെപി നേതാക്കളുടെ ആരോപണത്തിന് ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം.
പഞ്ചാബിലെയും രാജസ്ഥാനിലെയും സർക്കാരുകൾ പീഡനം നടന്നിട്ടില്ലെന്നു പറയില്ല. പെൺകുട്ടിയുടെ കുടുംബത്തിനു നീതി നിഷേധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ല. അങ്ങനെ ചെയ്താൽ താൻ ഉറപ്പായും അങ്ങോട്ടേക്കു പോയി നീതിക്കായി പോരാടുമെന്നും രാഹുൽ പറഞ്ഞു.
ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെണ്കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനെത്തുടർന്ന് സന്ദർശനം നടത്തിയ രാഹുലും പ്രിയങ്കയും എന്തുകൊണ്ടു പഞ്ചാബിലേക്കു പോയില്ലെന്നായിരുന്നു ബിജെപിയുടെ ആരോപണം.