തീവ്രവാദത്തിനു പണം ; സന്നദ്ധസംഘടനാ കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുന്നു
Friday, October 30, 2020 12:41 AM IST
ന്യൂഡൽഹി: സന്നദ്ധ സംഘടനകൾ തീവ്രവാദ പ്രവർത്തനങ്ങൾക്കു പണം ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ് തുടരുന്നു. ഇന്നലെ ഒന്‍പതിടങ്ങളിൽ റെയ്ഡ് നടന്നു. ഡൽഹി സംസ്ഥാനത്ത മുൻ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫാറുൾ ഇസ്ലാം ഖാന്റെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന ചാരിറ്റി അലയൻസ് എന്ന സംഘടനയുടെ ഓഫീസിൽ റെയ്ഡ് നടന്നു.
കാഷ്മീരിലെ ഫലാ ഇ ഇസ്ലാം ട്രസ്റ്റ്, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ജെകെ യത്തീം ഫൗണ്ടേഷൻ, സാൽവേഷൻ മൂവ്മെന്റ്, ജെകെ വോയ്സ് ഓഫ് വിക്ടിംസ് തുടങ്ങിയ സംഘടനകളുടെ സ്ഥലങ്ങളിലും പരിശോധന നടന്നു.
കഴിഞ്ഞദിവസം കാഷ്മീർ താഴ്വരയിലെ ഒന്‍പതിടത്തും ബംഗളൂരുവിലെ ഒരു സ്ഥലത്തും റെയ്ഡ് നടത്തിയിരുന്നു.
സന്നദ്ധ സംഘടനകൾ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സംഭാവനകളെന്ന പേരിൽ പണം സമാഹരിച്ച് തീവ്രവാദ പ്രവർത്തനങ്ങൾക്കു നല്‍കുന്നുവെന്നാണ് എൻഐഎ ആരോപിക്കുന്നത്.