നിവാർ ചുഴലിക്കാറ്റ് ഇന്നെത്തും; പരക്കെ മഴ, കനത്ത ജാഗ്രത
Tuesday, November 24, 2020 11:31 PM IST
ചെന്നൈ/കോയന്പത്തൂർ: നിവാർ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ കര തൊടും. ചെന്നൈ നഗരത്തിൽ കനത്തമഴ പെയ്യുകയാണ്. മുൻകരുതൽ നടപടികളുടെ ഭാഗമായി താഴ്ന്നപ്രദേശങ്ങളിലുള്ളവരെ പുനരധിവാസ ക്യാന്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ചെംബാരന്പാക്കം അണക്കെട്ട് ഇന്ന് ഭാഗികമായി തുറന്നുവിടും.
മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് ഒന്നുമുതൽ പുതുക്കോട്ട, തഞ്ചാവൂർ, കടലൂർ, വിഴുപ്പുറം, ചെങ്കൽപ്പട്ട്, നാഗപട്ടണം തുടങ്ങി ഏഴു ജില്ലകളിൽ ട്രെയിൻ, ബസ് തുടങ്ങിയ ഗതാഗത സംവിധാനങ്ങൾ നിർത്തലാക്കി. വിമാന സർവീസു കളും നിർത്ത ലാക്കിയിട്ടുണ്ട്.
ചുഴലിക്കൊടുങ്കാറ്റ് മുൻകരുതൽ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഇന്നലെ മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
ചുഴലിക്കാറ്റ് മാമ്മല്ലപുരം, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് ഇന്നാണ് കര കടക്കുന്നത്. ഇതിനാൽ പുതുക്കോട്ട, തിരുവാരൂർ, കടലൂർ, വിഴുപ്പുറം, തഞ്ചാവൂർ, നാഗപട്ടണം തുടങ്ങിയ ജില്ലകളിൽ മീൻപിടിത്തക്കാർ വഞ്ചി, ബോട്ട്, മീൻവലകൾ, ജനറേറ്ററുകൾ, മറ്റ് ഉപകരണങ്ങൾ തുടങ്ങിയവ സൂക്ഷിച്ചുവയ്ക്കാൻ നിർദേശം നല്കിയിട്ടുണ്ട്. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നതും യാത്ര ചെയ്യുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.