മാവോയിസ്റ്റ് ആക്രമണം: സിആർപിഎഫ് അസിസ്റ്റന്റ് കമൻഡാന്റിനു വീരമൃത്യു
Monday, November 30, 2020 12:42 AM IST
റായ്പുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ സിആർപിഎഫ് കോബ്ര ബറ്റാലിയൻ അസിസ്റ്റന്റ് കമൻഡാന്റ് വീരമൃത്യു വരിച്ചു. ഒന്പതു കമാൻഡോകൾക്കു പരിക്കേറ്റു. സുക്മ ജില്ലയിലെ വനമേഖലയിൽ ശനിയാഴ്ച നടന്ന ആക്രണത്തിൽ അസിസ്റ്റന്റ് കമൻഡാന്റ് നിതിൻ പി. ഭാലേറാവു(33) ആണു വീരമൃത്യു വരിച്ചത്.
ടീം ലീഡർ സെക്കൻഡ് ഇൻ കമാൻഡ് റാങ്ക് ഓഫീസർ ദിനേശ്കുമാർ സിംഗ് ഉൾപ്പെടെയുള്ളവർക്കാണു പരിക്കേറ്റത്. ഏഴു കമാൻഡോകളെ റായ്പുരിലെ ആശുപത്രിയിലെത്തിച്ചു. രണ്ടു പേർക്കു പ്രദേശത്തെ ആശുപത്രിയിൽ ചികിത്സ നല്കി. വനമേഖലയിൽ മാവോയിസ്റ്റുകളെ നേരിടുന്ന കോബ്ര(കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ)206-ാം ബറ്റാലിയൻ അംഗങ്ങളാണ് ആക്രമണത്തിനിരയായത്. കോബ്രയും ലോക്കൽ പോലീസും സംയുക്തമായാണു മാവോയിസ്റ്റുകളെ നേരിട്ടത്. അസിസ്റ്റന്റ് കമൻഡാന്റ് നിതിൻ ഭാലേറാവു മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയാണ്. നിരവധി സൈനികനീക്കങ്ങളിൽ പങ്കാളിയായിട്ടുള്ള നിതിൻ 2010ലാണ് സിആർപിഎഫിൽ ചേർന്നത്. കഴിഞ്ഞവർഷമാണു കോബ്ര യൂണിറ്റിലെത്തിയത്. 2009ലാണ് സിആർപിഎഫിൽ കോബ്ര സംഘത്തിനു രൂപം നല്കിയത്.