അകാലിദൾ നേതാക്കൾ പദ്മ പുരസ്കാരങ്ങൾ മടക്കി നൽകി
Friday, December 4, 2020 1:03 AM IST
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് മുൻ കേന്ദ്ര മന്ത്രിയും അഞ്ചു തവണ പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന ശിരോമണി അകാലിദൾ നേതാവ് പ്രകാശ് സിംഗ് ബാദൽ പദ്മവിഭൂഷൺ ബഹുമതി മടക്കി നൽകി.
കേന്ദ്ര സർക്കാർ കർഷകരെ വഞ്ചിച്ചു എന്നാരോപിച്ചാണ് രാജ്യത്തെ പരമോന്നത പുരസ്കാരങ്ങളിലൊന്നായ പദ്മവിഭൂഷൺ അദ്ദേഹം മടക്കി നൽകിയത്. കാർഷിക ബില്ലുകൾ പാസാക്കിയതിൽ പ്രതിഷേധിച്ച് നേരത്തെ ശിരോമണി അകാലിദൾ എൻഡിഎയിൽനിന്നു മാറി കേന്ദ്രമന്ത്രി സ്ഥാനം രാജി വച്ചിരുന്നു.
കർഷകർ സമാധാനപരമായി നടത്തുന്ന സമരത്തെ കേന്ദ്ര സർക്കാർ നേരിടുന്ന രീതിയും അവരോട് കാട്ടുന്ന വഞ്ചനയിലും പ്രതിഷേധിച്ച് പുരസ്കാരം മടക്കി നൽകുന്നു എന്നാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദിന് നൽകിയ കത്തിൽ പ്രകാശ് സിംഗ് ബാദൽ ചൂണ്ടിക്കാട്ടിയത്. ശിരോമണി അകാലിദൾ നേതാവും രാജ്യസഭ എംപിയുമായ സുഖ്ദേവ് സിംഗ് ധിൻസയും പദ്മഭൂഷൺ മടക്കി നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുരംഗത്തെപ്രവർത്തനങ്ങൾ വിലയിരുത്തി സുഖ്ദേവ് സിംഗ് ധിൻസയ്ക്ക് കഴിഞ്ഞ വർഷമാണ് പദ്മ ഭൂഷൺ പുരസ്കാരം നൽകി ആദരിച്ചത്.