കോവിഡ് വാക്സിൻ; ഭാരത് ബയോടെക്കിലേക്ക് 80 രാജ്യങ്ങളുടെ പ്രതിനിധികൾ
Saturday, December 5, 2020 1:08 AM IST
ഹൈദരാബാദ്: കോവിഡ് പ്രതിരോധവാക്സിൻ ഗവേഷണത്തിൽ നിർണായക പുരോഗതി നേടിയ ഹൈദരാബാദിലെ ഭാരത് ബയോടെക്കിലേക്ക് 80 രാജ്യങ്ങളുടെ പ്രതിനിധികൾ സന്ദർശനം നടത്തും.
അടുത്ത ബുധനാഴ്ചയാണു ഭാരത് ബയോടെക്കിലെയും ബയോളജിക്കൽ- ഇ ലിമിറ്റഡിലെയും വാക്സിൻ ഗവേഷണനേട്ടങ്ങൾ നേരിട്ടറിയുന്നതിന് അംബാസഡർമാരും ഹൈക്കമ്മീഷണർമാരും ഉൾപ്പെടെ എൺപതോളം രാജ്യങ്ങളിലെ പ്രതിനിധികളെത്തുന്നത്.
രണ്ടു കന്പനികളിലും എത്തുന്നതിനു സർവസജ്ജമായ അഞ്ച് ബസുകളും പ്രത്യേക മെഡിക്കൽ സംഘവും ഒരുക്കിനിർത്താൻ ഹൈദരാബാദിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കോവിഡ് വാക്സിന്റെ ഉത്പാദനവും വിതരണവും വിവരിക്കുന്ന പ്രസന്റേഷനും ഇവർക്കായി തയാറാക്കണം.
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് ഉന്നതല സന്ദർശനം. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി സോമേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചീഫ് പ്രോട്ടോകോൾ ഓഫീസർ നാഗേഷ് സിംഗ് ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു.