കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു
Saturday, December 5, 2020 1:08 AM IST
ന്യൂഡൽഹി: തലസ്ഥാനം സ്തംഭിപ്പിച്ചു നടക്കുന്ന കർഷകസമരത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പിന്തുണച്ചതിൽ കനേഡിയൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഇത്തരം ഇടപെടലുകൾ ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്നു സർക്കാർ ഡൽഹിയിലെ കനേഡിയൻ ഹൈക്കമ്മീഷണർ നാദിർ പട്ടേലിനോടു പറഞ്ഞു.
ഇന്ത്യയിലെ കർഷകരുമായി ബന്ധപ്പെട്ട വിഷയത്തിൽ കാനഡയിലെ പ്രധാനമന്ത്രിയും ചില മന്ത്രിമാരും പാർലമെന്റ് അംഗങ്ങളും നടത്തിയ പരാമർശങ്ങൾ അംഗീകരിക്കാവുന്ന ഇടപെടലുകളല്ല. അത്തരം പ്രവൃത്തികൾ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെ അതീവ ഗുരുതരുമായി ബാധിക്കുമെന്നും കനേഡിയൻ പ്രതിനിധിയോട് അറിയിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മേലിൽ ഇത്തരം നടപടികളിൽനിന്ന് കാനഡ സർക്കാർ മാറി നിൽക്കണമെന്നു നിർദേശിച്ചതായും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് അവിടുത്തെ സർക്കാർ പൂർണ സുരക്ഷ ഉറപ്പു വരുത്തണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഗുരുനാനാക് ജയന്തിയിൽ സിക്ക് സമൂഹത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസ്താവനയിലാണ് കർഷകസമരങ്ങളെ ചൂണ്ടിക്കാട്ടി ഇന്ത്യയിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞത്. ഇതേത്തു ടർന്ന് ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ പുറമേനിന്നുള്ള ഇടപെടലുകൾ വേണ്ടെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച തന്നെ പ്രതിഷേധിച്ചിരുന്നു.
ഇന്ത്യയിലെ കർഷകരുമായി ബന്ധപ്പെട്ട വിഷയത്തിൽ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് കാനഡയിലെ നേതാക്കൾ പ്രതികരിച്ചത് എന്നായിരുന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞത്. അത്തരം അഭിപ്രായപ്രകടനങ്ങൾ അനുചിതമാണ്. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇത്തരം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നതു ശരിയല്ലെന്നും വിദേശകാര്യ വക്താവ് ചൂണ്ടിക്കാട്ടി.