മരുന്നു പരീക്ഷണത്തിനിടെ ആരോഗ്യം പ്രശ്നം: മൂന്നു വർഷത്തിനുള്ളിൽ 12 കോടി രൂപ നഷ്ടപരിഹാരം നൽകി
Sunday, December 6, 2020 12:44 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ നടന്ന വാക്സിൻ, മരുന്നു പരീക്ഷണങ്ങളിലെ വൊളന്റിയർമാരിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായവർക്ക് നഷ്ടപരിഹാരമായി നൽകിയത് 12 കോടിയിലേറെ രൂപ. ഡ്രഗ്സ് കണ്ട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണത്തിൽ പങ്കെടുത്തയാൾക്കു വാക്സീൻ മൂലമല്ല പ്രശ്നമുണ്ടായതെന്നു സ്ഥിരീകരിച്ചതായും ഡിസിജിഐ ഡോ. വി.ജി സോമാനി പറഞ്ഞു.
ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ച വെബിനാറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ മരുന്നു പരീക്ഷണങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായവർക്കു നൽകിയ നഷ്ടപരിഹാരത്തെക്കുറിച്ചു ചോദിച്ചപ്പോഴാണ് ഈയിനത്തിൽ 12 കോടിയിലേറെ രൂപ നൽകിയിട്ടുണ്ടെന്നു ഡോ. സോമാനി വ്യക്തമാക്കിയത്.
നാഡീവ്യൂഹ പ്രശ്നമുണ്ടായതിനെ തുടർന്ന് ചെന്നൈ സ്വദേശിയായ വൊളന്റിയർ അഞ്ചു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതു നിഷേധിച്ച കന്പനി മാനനഷ്ടത്തിന് 100 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണു മറുപടി നൽകിയത്. ഇന്ത്യയിൽ വാക്സീൻ പരീക്ഷണത്തിന് കൃത്യമായ നടപടിക്രമങ്ങളുണ്ടെന്നും ഇവ പാലിക്കാത്തതുമായി ബന്ധപ്പെട്ട് പത്തിലധികം നൈതിക സമിതികൾ പിരിച്ചുവിട്ടിട്ടുണ്ടെന്നും ഡോ സോമാനി പറഞ്ഞു. നഷ്ടപരിഹാരത്തിന് ഉത്തരവിടാൻ അധികാരമുള്ള ഡ്രഗ്സ് കണ്ട്രോളർ സംവിധാനമാണ് ഇന്ത്യയിൽ. ഇതു നൽകാത്തപക്ഷം ഗവേഷണ കന്പനിയെ വിലക്കാനും നിയമമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട മരുന്നു പരീക്ഷണങ്ങൾ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായാണ് നടക്കുന്നത്. പുതിയ മരുന്നുകളുടെ പരീക്ഷണം നടത്തുന്പോൾ പങ്കെടുക്കുന്നവർക്ക് നഷ്ടപരിഹാരം ഉൾപ്പടെ എല്ലാ സുരക്ഷയും ഉറപ്പു വരുത്താൻ കഴിയുന്ന നിയമസംവിധാനം ഇന്ത്യയിൽ ഉണ്ടെന്നും ഡോ. സോമാനി വ്യക്തമാക്കി. നിലവിൽ നടന്നു വരുന്ന വാക്സിൻ പരീക്ഷണങ്ങൾ വിലയിരുത്താൻ പ്രത്യേക വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ സമിതി എല്ലാ രണ്ടാഴ്ചയിലും യോഗം ചേരുന്നുണ്ടെന്നും വെബിനാറിൽ പങ്കെടുത്ത ബയോടെക്നോളജി വകുപ്പ് സെക്രട്ടറി രേണു സ്വരൂപും പറഞ്ഞു.
വാക്സിൻ പരീക്ഷണത്തിൽ സുരക്ഷാ നടപടികൾ പാലിക്കുന്നുണ്ടെന്നും എല്ലാ പരീക്ഷണങ്ങളും നിരീക്ഷിക്കുന്നുണ്ടെന്നും ഐസിഎംആർ നാഷണൽ എയ്ഡ്സ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസത്രജ്ഞ ഷീല ഗോദ്ബോലെ പറഞ്ഞു.