കർണാടക മന്ത്രിസഭ പുനഃസംഘടിപ്പിക്കണം: രണ്ടു ബിജെപി എംഎൽഎമാർ
Wednesday, January 20, 2021 12:53 AM IST
ബംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിൽ ഭരണകക്ഷിയായ ബിജെപിയിൽ അമർഷം പുകയുന്നു. മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന് എംഎൽഎമാരായ ജി.എച്ച്. തിപ്പറെഡ്ഢിയും ശിവനഗൗഡ നായിക്കും ആവശ്യപ്പെട്ടു. ചിത്രദുർഗയിൽനിന്ന് ആറു തവണ നിയമസഭാംഗമായ മുതിർന്ന നേതാവാണു തിപ്പറെഡ്ഢി. ജനുവരി 13ന് മന്ത്രിസഭാ വികസനം നടന്നുവെങ്കിലും ഇതുവരെ വകുപ്പുവിഭജനം നടത്തിയിട്ടില്ലെന്ന് എംഎൽഎമാർ ചൂണ്ടിക്കാട്ടി.
കോൺഗ്രസിൽനിന്നു ബിജെപിയിലെത്തിയ എംഎൽസിമാർക്കു മന്ത്രിസ്ഥാനം നല്കിയതിലാണ് ബിജെപിയിൽ ഏറ്റവും അധികം എതിർപ്പുള്ളത്. വിവിധ മേഖലകൾക്കു മതിയായ പ്രാതിനിധ്യമില്ലെന്നും വിമത എംഎൽഎമാർ ചൂണ്ടിക്കാട്ടുന്നു. മൂന്നു തവണ പാർട്ടി അധികാരത്തിലെത്തിയപ്പോഴും ഒരേ ആളുകളാണു മന്ത്രിമാരായതെന്നും പുതിയ ആളുകൾക്ക് അവസരം നല്കണമെന്നും തിപ്പറെഡ്ഢി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി എം.പി. രേണുകാചാര്യ എംഎൽഎ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ രണ്ടാം തവണയും ഡൽഹിയിലെത്തിയിട്ടുണ്ട്.