ഡിജിറ്റൽ പ്ലാറ്റ്ഫോം നിയന്ത്രണം; ആവശ്യപ്പെട്ടാൽ അധിക്ഷേപ സന്ദേശം പങ്കുവച്ചവരെ വെളിപ്പെടുത്തണം
Friday, February 26, 2021 12:56 AM IST
ന്യൂഡൽഹി: ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള പുതിയ മാർഗരേഖ അനുസരിച്ച് സർക്കാരോ കോടതിയോ ആവശ്യപ്പെട്ടാൽ അധിക്ഷേപകരമായ ഒരു സന്ദേശമോ ട്വീറ്റോ ആദ്യം ആരാണ് പങ്ക് വച്ചതെന്ന് വ്യക്തമാക്കാൻ ട്വിറ്റർ, വാട്സ് ആപ്, സിഗ്നൽ, ഫേസ് ബുക്ക് എന്നിവ ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകൾ തയാറാകണം.
ആഗോള തലത്തിലുള്ള എല്ലാ സോഷ്യൽ മീഡിയകളെയും ഇന്ത്യ സ്വാഗതം ചെയ്യുന്നു. പക്ഷേ, മറ്റു രാജ്യങ്ങളിൽ ഉള്ളതിൽ നിന്നു വ്യത്യസ്തമായി സോഷ്യൽ മീഡിയകൾ ഇന്ത്യയിൽ മാത്രമായി ഒരു വ്യത്യസ്ത നിലപാട് വച്ചു പുലർത്താൻ അനുവദിക്കില്ലെന്നു മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. അമേരിക്കയിൽ കാപിറ്റോൾ ഹില്ലിൽ ആക്രമണം നടന്നപ്പോൾ പോലീസ് നടപടിയെ അനുകൂലിച്ച സോഷ്യൽ മീഡിയകൾ ഇന്ത്യയിൽ ചെങ്കോട്ടയിൽ അക്രമം നടന്നപ്പോൾ മറ്റൊരു നിലപാടാണ് സ്വീകരിച്ചതെന്നായിരുന്നു മന്ത്രിയുടെ കുറ്റപ്പെടുത്തൽ.
ഇന്റർനെറ്റിൽ നഗ്നത, ലൈംഗികത, വനിതകളുടെ നഗ്ന ദൃശ്യങ്ങൾ, ആൾമാറാട്ടം, പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ എന്നിവയെക്കുറിച്ച് പരാതി ലഭിച്ചാൽ 24 മണിക്കൂറിനകം അവ നീക്കം ചെയ്തിരിക്കണം. പരാതി പരിഹാരത്തിനായി ഓരോ സോഷ്യൽ മീഡിയകളും രാജ്യത്ത് ഇന്ത്യക്കാരനായ ഒരു നോഡൽ ഓഫീസറെ നിയമിച്ചിരിക്കണം എന്നും വ്യവസ്ഥയുണ്ട്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി വിവിധ മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി മന്ത്രിതല സമിതിയും രൂപീരിക്കും. പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരം, വിവരസാങ്കേതിക-വാർത്താ വിതരണം, നിയമം, ഐടി, വനിതാ ശിശുക്ഷേമ മന്ത്രാലയങ്ങൾ ഉൾപ്പെടുന്നതാണ് സമിതി. മാർഗനിർദേശങ്ങൾ ലംഘിക്കപ്പെട്ടു എന്നു വ്യക്തമായാൽ ഈ സമിതിക്കു സ്വമേധയാ വിളിച്ചു വരുത്തി വിശദീകരണം തേടാനുള്ള അധികാരമുണ്ട്. മുന്നറിയിപ്പു നൽകാനും സെൻസർ ചെയ്യാനും താക്കീത് നൽകാനും ക്ഷമാപണം നടത്താൻ നിർദേശിക്കാനുള്ള അധികാരവും ഈ സമിതിക്കുണ്ട്. സോഷ്യൽമീഡിയയുടെ ദുരുപയോഗം വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ മാർഗനിർദേശം പുറത്തിറക്കിയത്. വിവിധ തലങ്ങളിൽ വിപുലമായി നടത്തിയ ചർച്ചകൾക്ക് ഒടുവിൽ 2018ലാണ് കരട് മാർഗനിർദേശങ്ങൾക്ക് രൂപം നൽകിയത്. ഇതിന് പിന്നാലെയാണ് മാർഗനിർദേശത്തിന് അന്തിമ രൂപം നൽകിയത്.