സീറ്റ് വിഭജനം വീണ്ടും ചർച്ചയ്ക്കു ഡിഎംകെ-കോൺഗ്രസ് ധാരണ
Friday, February 26, 2021 12:56 AM IST
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകൾ വീതംവയ്ക്കുന്ന കാര്യത്തിൽ ഡിഎംകെയും കോൺഗ്രസും വീണ്ടും ചർച്ച നടത്തും. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം ഇന്നലെ ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുകൻ ഉൾപ്പെടെ നേതാക്കളുമായി പ്രാഥമികചർച്ച നടത്തി. ചെന്നൈയിലെ അണ്ണാ അറിവാലയത്തിലായിരുന്നു ചർച്ച. ഇരുപക്ഷവും തങ്ങളുടെ നിലപാടുകളും ആവശ്യങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. പാർട്ടിക്കുള്ളിൽ വിശദമായ ചർച്ചകൾക്കുശേഷം രണ്ടാംഘട്ട ചർച്ചകളിലേക്ക് നീങ്ങാനാണ് ഇപ്പോഴത്തെ ധാരണ.
ഉമ്മൻ ചാണ്ടിക്കു പുറമേ തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദിനേശ് ഗുണ്ടുറാവു, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അഴഗിരി എന്നിവരും ഡിഎംകെയ്ക്കുവേണ്ടി പാര്ലമെന്ററി പാർട്ടി നേതാവ് ടി.ആർ. ബാലു, കനിമൊഴി എം.പി തുടങ്ങിയവരും പങ്കെടുത്തു. കോൺഗ്രസിന്റെ നിലപാടുകൾ യോഗത്തിൽ വ്യക്തമാക്കിയെന്നും ചർച്ച സൗഹാർദപരമായിരുന്നുവെന്നും തമിഴ്നാട് കോൺഗ്രസ് പ്രസിഡന്റ് അഴഗിരി പറഞ്ഞു.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും പ്രതീക്ഷയ്ക്കൊത്ത പ്രകടനം കോൺഗ്രസ് കാഴ്ചവച്ചില്ലെന്ന നിലപാട് ഡിഎംകെയ്ക്ക് ഉണ്ടെന്നാണു സൂചന. ഈ സാഹചര്യത്തിൽ ഇത്തവണ കൂടുതൽ സീറ്റുകളിൽ ഡിഎംകെ മത്സരിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. 2016 ൽ 41 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് എട്ടിടത്ത് മാത്രമാണു വിജയം നേടാനായത്.
178 സീറ്റുകളിൽ ഡിഎംകെ 89 സീറ്റ് നേടി. കോൺഗ്രസിന്റെ പരാജയമാണു കഴിഞ്ഞതവണ സർക്കാർ രൂപീകരണശ്രമങ്ങളിൽ നിന്ന് ഡിഎംകെയെ പിന്നോട്ടുവലിച്ചത്. 2011 ൽ 63 സീറ്റിൽ മത്സരിച്ചെങ്കിലും അഞ്ചെണ്ണത്തിൽ മാത്രമാണു കോൺഗ്രസിനു വിജയിക്കാനായത്. കോൺഗ്രസിന്റെ കൂടുതൽ സീറ്റുകൾ ഡിഎംകെ കൈയടക്കിയേക്കുമെന്നാണ് സൂചന.