ബംഗാളിൽ തേജസ്വിയുടെ പിന്തുണ മമതയ്ക്ക്
Monday, March 1, 2021 11:02 PM IST
കോൽക്കത്ത: ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ആർജെഡിയുടെ പിന്തുണ മമത ബാനർജിക്ക്. ബംഗാളിൽ വസിക്കുന്ന ബിഹാറുകാർ തൃണമൂൽ കോൺഗ്രസിന് വോട്ട് ചെയ്യണമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് അഭ്യർഥിച്ചു. ഇന്നലെ മമതയും തേജസ്വിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗാളിൽ ബിജെപിയുടെ മുന്നേറ്റം തടയുകയാണ് തന്റെ മുഖ്യ ലക്ഷ്യമെന്നു തേജസ്വി പറഞ്ഞു.
തൃണമൂലുമായി സഖ്യത്തിൽ മത്സരിക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തേജസ്വി മറുപടി പറഞ്ഞില്ല. ബിഹാറിൽ സഖ്യകക്ഷികളായിരുന്ന കോൺഗ്രസിനെയും ഇടതു പാർട്ടികളെയും തഴഞ്ഞാണ് ആർജെഡി മമതയ്ക്കു പിന്തുണ പ്രഖ്യാപിച്ചത്.