പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് പറയാന്‍ ധൈര്യമുണ്ടോ? ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക ഗാന്ധി
Monday, March 1, 2021 11:03 PM IST
ലഖിംപുർ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്നു പറയുന്ന ബിജെപിക്ക് ആസാമിൽ അതേക്കുറിച്ച് സംസാരിക്കാൻ ധൈര്യമില്ലെന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര. സിഎഎയെക്കുറിച്ച് സംസാരിക്കാൻ പോലും ആസാം ജനത അനുവദിക്കില്ല. കോൺഗ്രസും ആറു മറ്റു കക്ഷികളും ഉൾപ്പെടുന്ന മഹാസഖ്യം തെരഞ്ഞെടുപ്പിനുശേഷം ആസാമിൽ സർക്കാർ രൂപവത്കരിക്കും- പ്രിയങ്ക പറഞ്ഞു.
രണ്ടു ദിവസത്തെ തെരഞ്ഞടുപ്പു പ്രചാരണത്തിന് ആസാമിലെത്തിയ പ്രിയങ്ക ഗോഹട്ടിയിലെ നീലാചൽ മലയിലുള്ള കാമാഖ്യ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. പ്രിയങ്ക ഇന്നു ഡൽഹിക്കു മടങ്ങും. കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഫെബ്രുവരി 14ന് അപ്പർ ആസാമിലെ ശിവസാഗറിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തിരുന്നു.