ബിമൻ ബന്ദോപാധ്യായ ബംഗാൾ സ്പീക്കർ
Sunday, May 9, 2021 12:26 AM IST
കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് അംഗം ബിമൻ ബന്ദോപാധ്യായ ബംഗാൾ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നാം തവണയാണ് ഇദ്ദേഹം സ്പീക്കറാകുന്നത്. തെരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തെത്തുടർന്നുണ്ടായ അക്രമങ്ങളുടെ പേരിൽ ബിജെപി സ്പീക്കർ തെരഞ്ഞെടുപ്പിൽ പങ്കെടുത്തില്ല.
294 അംഗ സഭയിൽ ബിജെപിക്ക് 77 അംഗങ്ങളാണുള്ളത്. ബംഗാളിൽ അധികാരം പിടിക്കാൻ നിരന്തരം സന്ദർശനം നടത്തിയതല്ലാതെ കോവിഡ് നിയന്ത്രിക്കാൻ കേന്ദ്ര മന്ത്രിമാർ കഴിഞ്ഞ ആറു മാസമായി ഒന്നും ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. തെരഞ്ഞെടുപ്പു കമ്മീഷനെതിരേയും മമത ആഞ്ഞടിച്ചു. തെരഞ്ഞെടുപ്പു കമ്മീഷൻ നേരിട്ട് സഹായിച്ചില്ലായിരുന്നെങ്കിൽ സംസ്ഥാനത്ത് ബിജെപിക്ക് 30 സീറ്റുപോലും ലഭിക്കുമായിരുന്നില്ലെന്ന് മമത പറഞ്ഞു.