സുവേന്ദു അധികാരി പ്രതിപക്ഷ നേതാവ്
Tuesday, May 11, 2021 12:40 AM IST
കോൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തിയ ബിജെപി നേതാവ് സുവേന്ദു അധികാരിയെ ബംഗാൾ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു. നിയമസഭാ കക്ഷി യോഗത്തിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദാണ് സുവേന്ദുവിന്റെ പേരു നിർദേശിച്ചത്.
രവിശങ്കർ പ്രസാദും ഭൂപേന്ദ്ര യാദവുമാണു ബിജെപി നിരീക്ഷകരായി പങ്കെടുത്തത്. നന്ദിഗ്രാമിൽ 1956 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു സുവേന്ദു മമതയെ പരാജയപ്പെടുത്തിയത്. നന്ദിഗ്രാമിൽ ഭൂമി ഏറ്റെടുക്കലിനെതിരെ നടന്ന പ്രക്ഷോഭത്തിൽ മമത ബാനർജിയുടെ വലംകൈയായിരുന്ന സുവേന്ദു മുന്പു ബംഗാളിൽ മന്ത്രിയായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണു സുവേന്ദു ബിജെപിയിൽ ചേർന്നത്. 294 അംഗ ബംഗാൾ നിയമസഭയിൽ ബിജെപിക്ക് 77 അംഗങ്ങളും തൃണമൂലിന് 213 അംഗങ്ങളുമുണ്ട്. കോൺഗ്രസിനും ഇടതുപാർട്ടികൾക്കും സീറ്റില്ല.