പഞ്ചാബിലെ മുസ്ലിം ഭൂരിപക്ഷ ജില്ല : യോഗി ആദിത്യനാഥിന്റെ നിലപാട് തള്ളി കേന്ദ്രമന്ത്രി സോം പ്രകാശ്
Monday, May 17, 2021 12:23 AM IST
ഫഗ്വാര: പഞ്ചാബിൽ മലേർകോട്ല ജില്ല രൂപവത്കരിച്ചതിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രിയും ഹോഷിയാർപുർ എംപിയുമായ സോം പ്രകാശ്. മുസ്ലിം ഭൂരിപക്ഷ ജില്ല രൂപവത്കരിച്ച സംസ്ഥാന സർക്കാരിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിശിത വിമർശനമുന്നയിച്ചിരുന്നു. ആദിത്യനാഥിന്റെ നിലപാടിനു വിരുദ്ധമായ അഭിപ്രായമാണു സോം പ്രകാശിനുള്ളത്. മലേർകോട്ല സാമുദായിക സൗഹാർദത്തിന്റെ പ്രതീകമാണെന്നും തന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഫഗ്വാര കേന്ദ്രമാക്കി പുതിയ ജില്ല രൂപവത്കരിക്കണമെന്നും സോം പ്രകാശ് പറഞ്ഞു.
വെള്ളിയാഴ്ചയാണു പഞ്ചാബിലെ 23-ാം ജില്ലയായി മലേർകോട്ലയെ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പ്രഖ്യാപിച്ചത്. സംഗ്രൂർ ജില്ലയിലെ മലേർകോട്ല പഞ്ചാബിലെ ഏക മുസ്ലിം ഭൂരിപക്ഷ പട്ടണമാണ്. മലേർകോട്ല ജില്ലാ രൂപവത്കരണം സാമുദായിക അടിസ്ഥാനത്തിലാണെന്നു യോഗി ആദിത്യനാഥ് വിമർശനമുയർത്തിയിരുന്നു. സാമുദായിക സ്പർധയുണ്ടാക്കാനാണു യുപി മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നു അമരീന്ദർ സിംഗ് തിരിച്ചടിച്ചിരുന്നു.