ജൂണിൽ പത്തുകോടി ഡോസ് കോവിഷീൽഡ് വിപണിയിലെത്തിക്കും: സിറം ഇൻസ്റ്റിറ്റ്യൂട്ട്
Monday, May 31, 2021 12:08 AM IST
ന്യൂഡൽഹി: പത്തുകോടി ഡോസ് കോവിഷീൽഡ് വാക്സിൻ അടുത്തമാസത്തോടെ നിർമിച്ച് വിതരണത്തിനു തയാറാക്കാനാകുമെന്ന് വാക്സിൻ നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്രസർക്കാരിനെ അറിയിച്ചു. വിവിധസംസ്ഥാനങ്ങൾ വാക്സിൻ ക്ഷാമത്തിൽ ആശങ്കപ്രകടിപ്പിച്ച സാഹചര്യത്തിലാണ് വിശദീകരണം.
കോവിഡിനെത്തുടർന്നുള്ള വെല്ലുവിളികൾ തുടരുകയാണെങ്കിലും ജീവനക്കാർ രാപകലില്ലാതെ അധ്വാനിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. മേയ് മാസത്തിൽ 6.5 കോടി ഡോസ് വാക്സിൻ മാത്രമേ നിർമിക്കാനായുള്ളൂ എന്നും അടുത്തമാസത്തോടെ പത്ത് കോടിയോളം ഡോസ് വാക്സിൻ വിതരണത്തിനു സജ്ജമാക്കാനാകുമെന്നും കത്തിൽ പറയുന്നു.