ഇലക്ടറൽ ട്രസ്റ്റ് ഫണ്ടുകളുടെ 80% ബിജെപിക്ക്
ഇലക്ടറൽ ട്രസ്റ്റ് ഫണ്ടുകളുടെ 80% ബിജെപിക്ക്
Thursday, June 10, 2021 1:18 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇ​ല​ക്ട​റ​ൽ ട്ര​സ്റ്റ് ഫ​ണ്ടു​ക​ളു​ടെ 80 ശ​ത​മാ​ന​വും ബി​ജെ​പി​ക്ക്. 2019-20ൽ ​ബി​ജെ​പി​ക്ക് 276.45 കോ​ടി രൂ​പ തെ​ര​ഞ്ഞെ​ടു​പ്പു ട്ര​സ്റ്റ് ഫ​ണ്ടി​ലേ​ക്കു കി​ട്ടി​യ​പ്പോ​ൾ കോ​ണ്‍ഗ്ര​സി​ന് 58 കോ​ടി രൂ​പ​യാ​ണു ല​ഭി​ച്ച​ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യു​ള്ള ഇ​ല​ക്ട​റ​ൽ ബോ​ണ്ട് വ​ഴി ബി​ജെ​പി 1,450 കോ​ടി​യും കോ​ണ്‍ഗ്ര​സ് 918 കോ​ടി​യും തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് 97 കോ​ടി രൂ​പ​യും നേ​ടി​യി​രു​ന്നു. മൊ​ത്തം ബോ​ണ്ടു​ക​ളു​ടെ 61 ശ​ത​മാ​ന​വും ബി​ജെ​പി​ക്കാ​യി​രു​ന്നു.

ഇ​തി​നി​ടെ, കോ​ണ്‍ഗ്ര​സി​ന്‍റെ മൊ​ത്തം വ​രു​മാ​നം 200 കോ​ടി രൂ​പ കു​റ​ഞ്ഞ​താ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഇ​ന്ന​ലെ പ്ര​സി​ദ്ധീ​ക​രി​ച്ച രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ വാ​ർ​ഷി​ക ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​യി. ക​ണ​ക്കു ന​ൽ​കി​യ പാ​ർ​ട്ടി​ക​ളി​ൽ എ​എ​പി, എ​ൻ​സി​പി, സി​പി​എം, എ​സ്പി തു​ട​ങ്ങി​യ​വ​യു​ടെ വ​രു​മാ​ന​ത്തി​ൽ ത​ലേ വ​ർ​ഷ​ത്തേ​ക്കാ​ൾ വ​ർ​ധ​ന​യു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​ന​മു​ള്ള ബി​ജെ​പി ഇ​നി​യും ഓ​ഡി​റ്റ് ചെ​യ്ത ക​ണ​ക്ക് ഇ​ല​ക്‌ഷ​ൻ ക​മ്മീ​ഷ​നി​ൽ ന​ൽ​കി​യി​ട്ടി​ല്ല. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ണ​ക്കു ന​ൽ​കാ​നു​ള്ള തീ​യ​തി ഈ ​മാ​സം 30 വ​രെ ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​ൻ നീ​ട്ടി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്.

സി​പി​എ​മ്മി​ന്‍റെ വ​രു​മാ​ന​ത്തി​ൽ 57.66 കോ​ടി രൂ​പ​യു​ടെ വ​ർ​ധ​ന​യു​ണ്ട്. 2018-19ൽ ​കി​ട്ടി​യ​ത് 100.96 കോ​ടി​യാ​യി​രു​ന്നെ​ങ്കി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത് 158.62 കോ​ടി രൂ​പ​യാ​യാ​ണു കൂ​ടി​യ​ത്. എ​ന്നാ​ൽ സി​പി​ഐ​യു​ടേ​ത് 7.15 കോ​ടി​യി​ൽനി​ന്നു 6.58 കോ​ടി​യാ​യി കു​റ​ഞ്ഞു. എ​ൻ​സി​പി​യു​ടെ വ​രു​മാ​ന​ത്തി​ൽ വ​ൻ കു​തി​പ്പാ​ണു​ണ്ടാ​യ​ത്. ആ​കെ​യു​ണ്ടാ​യി​രു​ന്ന 8.15 കോ​ടി​യി​ൽ നി​ന്ന് ഒ​രു വ​ർ​ഷം കൊ​ണ്ട് 50.71 കോ​ടി രൂ​പ​യാ​യാ​ണു കൂ​ടി​യ​ത്. ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് മു​ൻ​വ​ർ​ഷ​ത്തെ 19.31 കോ​ടി​യി​ൽ നി​ന്ന് 49.65 കോ​ടി​യാ​യി വ​രു​മാ​നം കൂ​ടി. ആ​കെ ചെ​ല​വാ​ക്കി​യ 38.8 കോ​ടി​യി​ൽ 10.36 കോ​ടി രൂ​പ ഇ​ല​ക്‌ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യ​ത്തി​നാ​ണു മു​ട​ക്കി​യ​ത്.

മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ചാ​ണു ലോ​ക്്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന 2019-20ലെ ​കോ​ണ്‍ഗ്ര​സി​ന്‍റെ വ​രു​മാ​ന​ത്തി​ൽ വ​ലി​യ ഇ​ടി​വു​ണ്ടാ​യ​ത്. 2018-19ൽ 448.11 ​കോ​ടി രൂ​പ മി​ച്ച​മു​ണ്ടാ​യി​രു​ന്ന കോ​ണ്‍ഗ്ര​സി​ന് ക​ഴി​ഞ്ഞ വ​ർ​ഷം 315.94 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. 2018-19ലെ 918.03 ​കോ​ടി​യി​ൽനി​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം 682.21 കോ​ടി രൂ​പ​യാ​യാ​ണു വ​രു​മാ​നം ഇ​ടി​ഞ്ഞ​ത്.


ഓ​ഡി​റ്റ് ചെ​യ്ത 2019-20ലെ ​വ​ര​വു -ചെ​ല​വു ക​ണ​ക്കു ന​ൽ​കി​യ 35 അം​ഗീ​കൃ​ത സം​സ്ഥാ​ന പാ​ർ​ട്ടി​ക​ളി​ൽ തെ​ലു​ങ്കാ​ന രാ​ഷ്‌ട്ര​സ​മി​തി​ 130.46 കോ​ടി രൂ​പ പോ​ക്ക​റ്റി​ലാ​ക്കി മു​ന്നി​ലാ​ണ്. ശി​വ​സേ​ന​യ്ക്ക് 111.4 കോ​ടി​യും വൈ​എ​സ്ആ​ർ കോ​ണ്‍ഗ്ര​സി​ന് 92.7 കോ​ടി രൂ​പ​യും കി​ട്ടി. ബി​ജെ​ഡി- 90.35, അ​ണ്ണാ ഡി​എം​കെ- 89.6, ഡി​എം​കെ- 64.90, എ​എ​പി-49.65 കോ​ടി രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണു ല​ഭി​ച്ച​ത്.

ഇ​ല​ക‌്ട​റ​ൽ ട്ര​സ്റ്റ് ഫ​ണ്ടു​ക​ളി​ൽ 81 ശ​ത​മാ​ന​വും നേ​ടി​യ ബി​ജെ​പി​ക്ക് ല​ഭി​ച്ച 276.45 കോ​ടി​യി​ൽ 217.75 കോ​ടി രൂ​പ​യും ഭാ​ര​തി എ​യ​ർ​ടെ​ൽ, ഡി​എ​ൽ​എ​ഫ് തു​ട​ങ്ങി​യ പ്ര​മു​ഖ ക​ന്പ​നി​ക​ളു​ടെ സം​ഭാ​വ​ന​യു​ള്ള പ്രൂ​ഡ​ന്‍റി​ൽനി​ന്നാ​ണ്. കോ​ണ്‍ഗ്ര​സി​ന് പ്രൂ​ഡ​ന്‍റ് ട്ര​സ്റ്റ് ന​ൽ​കി​യ​ത് 31 കോ​ടി​യാ​ണ്. ജ​ൻ​ക​ല്യാ​ണ്‍ ഇ​ല​ക്ട​റ​ൽ ട്ര​സ്റ്റ് 45.95 കോ​ടി​യും എ​ബി ജ​ന​റ​ൽ ഒ​ന്പ​തു കോ​ടി​യും സ​മാ​ജ് ട്ര​സ്റ്റ് 3.75 കോ​ടി​യും ബി​ജെ​പി​ക്കു ന​ൽ​കി​യ​പ്പോ​ൾ കോ​ണ്‍ഗ്ര​സി​ന് ജ​ൻ​ക​ല്യാ​ണ്‍ 25 കോ​ടി​യും സ​മാ​ജ് ര​ണ്ടു കോ​ടി​യും ന​ൽ​കി. പ്രാ​ദേ​ശി​ക പാ​ർ​ട്ടി​ക​ളി​ൽ ചി​ല​തു കോ​ണ്‍ഗ്ര​സി​നേ​ക്കാ​ൾ കൂ​ടു​ത​ൽ തു​ക ഇ​ല​ക്ട​റ​ൽ ട്ര​സ്റ്റു​ക​ളി​ൽനി​ന്നു പോ​ക്ക​റ്റി​ലാ​ക്കി​യെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

ടി​ആ​ർ​എ​സ്- 130.46 കോ​ടി, ശി​വ​സേ​ന- 111.4, വൈ​എ​സ്ആ​ർ കോ​ണ്‍ഗ്ര​സ്- 92.7, എ​ഐ​എ​ഡി​എം​കെ- 89.6, ഡി​എം​കെ- 64.90 കോ​ടി രൂ​പ വീ​തം ഇ​ല​ക്ട​റ​ൽ ട്ര​സ്റ്റു​ക​ളി​ൽ നി​ന്നു സം​ഭാ​വ​ന സ്വീ​ക​രി​ച്ച​ത്. ഇ​ത്ത​രം ട്ര​സ്റ്റ് മു​ഖേ​ന​യു​ള്ള ഫ​ണ്ടി​ൽ മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ കു​റ​വാ​ണ് ബി​ജെ​പി​ക്കും കോ​ണ്‍ഗ്ര​സി​നും കി​ട്ടി​യ​ത്. 2018-19ൽ ​ബി​ജെ​പി​ക്ക് 472 കോ​ടി​യും കോ​ണ്‍ഗ്ര​സി​നു 99 കോ​ടി​യു​മാ​ണു കി​ട്ടി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.