ബാബാ രാംദേവിനെതിരേ പോലീസ് കേസ്
Friday, June 18, 2021 12:55 AM IST
ന്യൂഡൽഹി: ഡോക്ടർമാർക്കും അലോപ്പതി മരുന്നുകൾക്കുമെതിരേ തെറ്റായ വിവരം പ്രചരിപ്പിച്ചതിനു ബാബ രാംദേവിനെതിരേ പോലീസ് കേസ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ഛത്തിസ്ഗഡ് ഘടകം നൽകിയ പരാതിയിൽ റായ്പുർ പോലീസാണ് രാമകൃഷ്ണ യാദവ് എന്ന രാംദേവിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
കൊറോണ വൈറസ് ചികിത്സയ്ക്കായി അലോപ്പതി ഡോക്ടർമാരും കേന്ദ്രസർക്കാരും ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അടക്കമുള്ളവർ ഉപയോഗിക്കുന്ന മരുന്നുകൾക്കെതിരേ സാമൂഹ്യ മാധ്യമങ്ങളിലൂടെ രാംദേവ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തുവെന്നാണു പരാതി. ഒരു വർഷമായി രാംദേവ് നടത്തുന്ന ഇത്തരം സന്ദേശങ്ങളുള്ള നിരവധി വീഡിയോകൾ ലഭ്യമാണെന്നു പരാതിക്കാർ ചൂണ്ടിക്കാട്ടിയെന്ന് റായ്പുർ സീനിയർ എസ്പി അജയ് യാദവ് പറഞ്ഞു.