ഡൽഹി കലാപം: വിദ്യാർഥികളെ ഉടൻ മോചിപ്പിക്കാൻ ഉത്തരവ്
Friday, June 18, 2021 12:56 AM IST
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ജാമ്യം അനുവദിച്ച വിദ്യാർഥികളെ ഉടൻ മോചിപ്പിക്കാൻ ഡൽഹി കോടതിയുടെ ഉത്തരവ്. ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും മോചനം വൈകിച്ച പോലീസ് നടപടിക്കെതിരേ വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവിട്ടത്. നടപടികൾക്കായി കൂടുതൽ സമയം വേണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധസമരം നടത്തിയതിന്റെ പേരിൽ യുഎപിഎ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയതിനെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി, ജഐൻയു വിദ്യാർഥികളായ നതാഷ നർവാൾ, ദേവാംഗന കലിത, ജാമിയ മിലിയ സർവകലാശാലാ വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്ക് ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിച്ച് 36 മണിക്കൂർ കഴിഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ കോടതിയെ സമീപിക്കുകയായിരുന്നു.
വിദ്യാർഥികളുടെ മേൽവിലാസവും ആധാർ വിവരങ്ങളും പരിശോധിക്കുന്നതിനു കൂടുതൽ സമയം വേണമെന്നായിരുന്നു പോലീസ് ഇക്കാര്യത്തിൽ വിശദീകരിച്ചത്.
പോലീസിന്റെ വാദം കെട്ടിച്ചമച്ചതാണെന്നു ചൂണ്ടിക്കാട്ടിയ അഡീഷണൽ സെഷൻസ് ജഡ്ജി രവീന്ദർ ബേദി, ജാമ്യം കിട്ടിയവരെ എത്രയും വേഗം മോചിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. അതേസമയം, ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരേ ഡൽഹി പോലീസ് നൽകിയ ഹർജി ഇന്നു പരിഗണിക്കുമെന്നു സുപ്രീം കോടതി അറിയിച്ചു.