മാധ്യമപ്രവർത്തകരുടെ ഹർജികൾ അടുത്ത ആഴ്ച പരിഗണിക്കും
Saturday, July 31, 2021 12:59 AM IST
ന്യൂഡൽഹി: പെഗാസസ് ഫോണ് ചോർത്തലിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട് മുതിർന്ന മാധ്യമപ്രവർത്തകർ സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
മുതിർന്ന മാധ്യമ പ്രവർത്തകരായ എൻ. റാം, ശശികുമാർ എന്നിവരാണ് ഹർജി നൽകിയത്. സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേൽനോട്ടം വഹിക്കണമെന്ന് ഇരുവരും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
സൈനിക തലത്തിൽ ഉപയോഗിക്കുന്ന സോഫ്റ്റവെയർ ഉപയോഗിച്ച് വ്യക്തികളുടെ ഫോണ് ചോർത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ആണെന്ന് ഹർജിയിൽ ഇരുവരും ആരോപിച്ചു.