ജാവേദ് അക്തറിന് എതിരേയുള്ള കേസിൽ കങ്കണയ്ക്കു തിരിച്ചടി
Friday, September 10, 2021 12:08 AM IST
മുംബൈ: പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തർ നൽകിയ അപകീർത്തിക്കേസിൽ തനിക്കെതിരേയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോളിവുഡ് താരം കങ്കണ റണൗത്ത് സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി.
2020ൽ അർണബ് ഗോസ്വാമിക്കുനൽകിയ ടെലിവിഷൻ അഭിമുഖത്തിലെ നടിയുടെ പരാമർശം അപകീർത്തികരമാണെന്നു കാണിച്ച്, കഴിഞ്ഞ നവംബറിലാണ് ജാവേദ് അക്തർ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്.
ഹർജിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജൂഹു പോലീസിനു കോടതി നിർദേശം നൽകി. നടിക്കെതിരേ പോലീസ് നടപടി ആരംഭിക്കുകയും ചെയ്തു. ഇതേത്തുടർന്നാണു നടി ഹൈക്കോടതിയെ സമീപിച്ചത്.