രവി തേജയെ ഇഡി ചോദ്യംചെയ്തു
Friday, September 10, 2021 12:08 AM IST
ഹൈദരാബാദ്: ലഹരിമരുന്നു കേസിൽ തെലുങ്കു സിനിമാതാരം രവി തേജയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യംചെയ്തു. സംവിധായകൻ പുരി ജഗന്നാഥ്, നടി ചാർമി കൗർ, രകുൽ പ്രീത് സിംഗ്, നന്ദു, റാണാ ദഗ്ഗുബട്ടി എന്നിവരെ ഇഡി നേരത്തേ ചോദ്യം ചെയ്തിരുന്നു.
2017ൽ സംഗീതജ്ഞൻ കാൽവിൻ മസ്ക്രീനാസ് ഉൾപ്പെടെ ലഹരിമരുന്നു കടത്തിയ മൂന്നുപേർ ഹൈദരാബാദിൽ എക്സൈസിന്റെ പിടിയിലായതിനു പിന്നാലെയാണു ടോളിവുഡിലെ ലഹരി മരുന്നു മാഫിയയെക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷണം ആരംഭിച്ചത്.
എൽഎസ്ഡി, എംഡിഎംഎ എന്നിവയാണു പിടിയിലാവുന്പോൾ ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇതിനുപിന്നാലെ ബഹിരാകാശ എൻജിനിയറായ അമേരിക്കൻ പൗരനും ഡച്ച്, ദക്ഷിണാഫ്രിക്കൻ സ്വദേശികളും ഉൾപ്പെടെ ഇരുപതോളം പേർ പ്രത്യേകസംഘത്തിന്റെ പിടിയിലായി.
നിരോധിത ഓൺലൈൻ നെറ്റ്വർക്കായ ഡാർക്ക്നെറ്റിലൂടെയാണ് ഇവർ വില്പനയ്ക്ക് ഓർഡറുകൾ എടുത്തിരുന്നത്. പണം ലഭിച്ചാലുടൻ കുറിയർ വഴി മയക്കുമരുന്ന് എത്തിക്കുന്നതായിരുന്നു ഇവരുടെ രീതി.