യുഎപിഎ: സമയം നീട്ടാൻ മജിസ്ട്രേറ്റിന് അധികാരമില്ലെന്നു സുപ്രീംകോടതി
Saturday, September 11, 2021 12:40 AM IST
ന്യൂഡൽഹി: യുഎപിഎ വകുപ്പു ചുമത്തി രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ ഏജൻസികൾക്ക് നൽകുന്ന സമയം നീട്ടാൻ മജിസ്ട്രേറ്റിന് അധികാരമില്ലെന്ന് സുപ്രീംകോടതി. യുഎപിഎ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരമാണ് മജിസ്ട്രേറ്റിന് ഈ അവകാശമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചത്.
ജസ്റ്റീസുമാരായ യു.യു. ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി എന്നിവരടിയ ബെഞ്ചാണ് ഇക്കാര്യ വ്യക്തമാക്കിയത്. യുഎപിഎ 43 ഡി. (2) (ബി) വകുപ്പ് പ്രകാരം പ്രത്യേക കോടതികൾക്ക് മാത്രമേ അവകാശമുള്ളൂവെന്ന് ജഡ്ജിമാർ വ്യക്തമാക്കി. അന്വേഷണ കാലാവധി നീട്ടാൻ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻഐഎ) നിയമപ്രകാരം രൂപീകരിച്ച പ്രത്യേക കോടതികൾക്ക് മാത്രമാണ് അവകാശം എന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഭോപ്പാലിലെ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റിനെതിരേ മധ്യപ്രദേശിൽ നിന്നുള്ള സാദിഖ് എന്ന വ്യക്തി നൽകിയ പരാതിയിൽ സുപ്രീംകോടതി വാദം കേൾക്കവേയാണ് സുപ്രധാന നിരീക്ഷണം നടത്തിയത്.