അനധികൃത സ്വത്തുസന്പാദനം; അണ്ണാ ഡിഎംകെ മുൻ മന്ത്രിക്കെതിരേ കേസ്
Friday, September 17, 2021 12:49 AM IST
ചെന്നൈ: അനധികൃത സ്വത്തുസന്പാദനക്കേസിൽ അണ്ണാ ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ കെ.സി. വീരമണിക്കെതിരേ വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ (ഡിവിഎസി) കേസെടുത്തു.
ഇന്നലെ വീരമണിയുമായി ബന്ധപ്പെട്ട 20 സ്ഥാപനങ്ങളിൽ ഡിവിഎസി റെയ്ഡ് നടത്തി. 2016-21 കാലത്ത് വാണിജ്യനികുതി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രിയാണു വീരമണി. അണ്ണാ ഡിഎംകെ തിരുപ്പത്തൂർ ജില്ലാ സെക്രട്ടറിയാണ്.
ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയശേഷം വിജിലൻസ് കേസിൽപ്പെടുന്ന മൂന്നാമത്തെ മന്ത്രിയാണു വീരമണി. മുന്പ് എം.ആർ. വിജയഭാസ്കർ, എസ്.പി. വേലുമണി എന്നിവർക്കെതിരെ കേസെടുത്തിരുന്നു.
വീരമണിയുടെ തിരുപ്പത്തൂരിലും ചെന്നൈയിലുമുള്ള സ്ഥാപനങ്ങളിലായിരുന്നു ഇന്നലെ വിജിലൻസ് റെയ്ഡ് നടത്തിയത്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയതന്ത്രമാണ് ഡിഎംകെ സർക്കാർ പയറ്റുന്നതെന്ന് അണ്ണാ ഡിഎംകെ നേതാക്കളായ ഒ. പനീർശെൽവം, കെ. പളനിസ്വാമി എന്നിവർ വിമർശിച്ചു.