വനിതകളുടെ എൻഡിഎ പ്രവേശനം: സർക്കാർ നിലപാട് സുപ്രീംകോടതി തള്ളി
Thursday, September 23, 2021 12:31 AM IST
ന്യൂഡൽഹി: നാഷണൽ ഡിഫൻസ് അക്കാഡമി പ്രവേശനത്തിൽ വനിതകളുടെ പ്രതീക്ഷ കെടുത്താനാകില്ലെന്ന് സുപ്രീംകോടതി. ഇത് ലിംഗസമത്വത്തിന്റെ കാര്യമാണെന്നും മാറ്റിവയ്ക്കാനാകില്ലെന്നും വ്യക്തമാക്കിയ കോടതി അടുത്ത വർഷം മേയിൽ പ്രവേശനപരീക്ഷ നടത്താമെന്ന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിലപാട് തള്ളി.
പെണ്കുട്ടികൾക്ക് രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളജിൽ (ആർഐഎംസി) പ്രവേശനം നൽകുന്ന കാര്യംകൂടി പരിഗണിക്കണമെന്നു കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. വനിതകളുടെ എൻഡിഎ പ്രവേശനത്തിനൊപ്പം തന്നെ ഇക്കാര്യവും പരിഗണിക്കണമെന്നും വിഷയത്തിൽ നിലപാട് വ്യക്തമാക്കി രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാംഗ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.
ഈ വർഷം നവംബറിൽ തന്നെ എൻഡിഎ പ്രവേശന നടത്തണമെന്ന ഇടക്കാല ഉത്തരവിൽനിന്ന് പിന്നോട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നവംബർ 14ന് പരീക്ഷ നടത്തണമെന്നും നിർദേശിച്ചു. ഇത്തവണത്തെ പരീക്ഷാ ഫലം ഒരുപക്ഷേ ഏറ്റവും മികച്ച ഫലം ഉണ്ടാക്കിയെന്നു വരില്ല. പക്ഷേ, ഭാവിയിലേക്കാണ് ഞങ്ങൾ ഉറ്റുനോക്കുന്നതെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു.
വനിതകളെ സായുധസേനകളിൽ ഉൾക്കൊള്ളിക്കാൻ കൂടുതൽ സൗകര്യങ്ങൾ കൂട്ടിച്ചേർക്കേണ്ടിവരും എന്നാണ് പ്രതിരോധ മന്ത്രാലയം ഡയറക്ടർ ക്യാപ്റ്റൻ ശാന്തനു ശർമ കഴിഞ്ഞ ദിവസം നൽകിയ സത്യവാംഗ്മൂലത്തിൽ വ്യക്തമാക്കിയത്. എന്നാൽ, ഇന്നു പരീക്ഷയില്ല, നാളെ പരീക്ഷ നടത്താം എന്ന സർക്കാരിന്റെ സമീപനം അംഗീകരിക്കാനാകില്ല.
രാജ്യത്തെ സായുധ സേനകൾ ഏത് അടിയന്തര സാഹചര്യങ്ങളെയും പ്രതിബന്ധങ്ങളെയും നേരിടാൻ പ്രാപ്തരാണ്. വനികളെ ഉൾക്കൊള്ളുന്ന വിഷയത്തിലും അടിയന്തര തയാറെടുപ്പുകൾ നടത്തണമെന്നും ജസ്റ്റീസ് സഞ്ജയ് കിഷൻ കൗളിന്റെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി നിർദേശിച്ചു.
അടുത്ത വർഷം മേയ് മുതൽ എൻഡിഎ പ്രവേശനത്തിന് രണ്ടു പരീക്ഷകൾ നടത്താമെന്നാണ് കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞത്.