ഭിന്നശേഷിക്കാർക്കു വാക്സിൻ വീട്ടിലെത്തിക്കും
Friday, September 24, 2021 1:13 AM IST
ന്യൂഡൽഹി: ഭിന്നശേഷിക്കാർക്കു വീടുകളിൽ കോവിഡ് വാക്സിൻ എത്തിച്ചു നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദേശമനുസരിച്ച് ഭിന്നശേഷിക്കാർക്ക് വീടുകളിൽ വാക്സിൻ എത്തിച്ചു നൽകുമെന്ന് നീതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.
കോവിഡ് രണ്ടാം തരംഗം ഇപ്പോഴും രാജ്യത്ത് തുടരുകയാണ്. പതിനെട്ട് വയസിനു മുകളിലുള്ള ഇന്ത്യൻ ജനതയുടെ മൂന്നിൽ രണ്ട് ഭാഗവും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉത്സവകാലങ്ങളിൽ വലിയ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്ന് ഐസിഎംആർ മേധാവി ഡോ. ബൽറാം ഭാർഗവ പറഞ്ഞു. കണ്ടെയ്ന്റ്മെന്റ് സോണുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തിൽ കൂടുതലുള്ള ജില്ലകളിലും ആളുകൾ കൂടിച്ചേരുന്നത് ഒഴിവാക്കണം. കുട്ടികൾക്കുള്ള കോവാക്സിൻ പരീക്ഷണം അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യക്കുമേൽ യുകെ ഏർപ്പെടുത്തിയ കോവിഡ് ചട്ടങ്ങളിൽ എത്രയും വേഗം ഇരുപക്ഷത്തു നിന്നും പരിഹാരം കണ്ടെത്തുമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു.