കോവിഡ് വാക്സിനേഷൻ: ഇന്ത്യ നൂറു കോടിക്കരികെ
Wednesday, October 20, 2021 12:09 AM IST
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 100 കോടിയിലേക്ക്. കഴിഞ്ഞ ജനുവരിയിൽ ആരംഭിച്ച വാക്സിനേഷനിൽ ഇതിനോടകം 99 കോടി ജനങ്ങൾ പങ്കാളികളായി.
ജനുവരി 16 മുതൽ ആരംഭിച്ച വാക്സിനേഷന്റെ ആദ്യ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർക്കും രണ്ടാം ഘട്ടത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്കുമാണ് വാക്സിനേഷൻ നൽകിയത്. മാർച്ച് മുതൽ രാജ്യത്തെ 45നും 60നും ഇടയിൽ പ്രായമുള്ളവർക്കും ഏപ്രിൽ ഒന്നു മുതൽ 45 വയസിനു മുകളിൽ പ്രായമുള്ളവർക്കും മെയ് ഒന്നു മുതൽ 18 വയസു പൂർത്തിയായവർക്കും വാക്സിൻ നൽകി തുടങ്ങി.
ലഭ്യതക്കനുസരിച്ച് രണ്ടാം ഡോസ് വാക്സിനുകൾ നൽകുന്നതിനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശങ്ങൾ നല്കിയിട്ടുണ്ട്. വാക്സിനേഷൻ നിരക്ക് കുറഞ്ഞ സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.